Sunday, July 6, 2025

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച  താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയത്.പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കൂട്ടുകാർക്ക് ഒപ്പമാണ് അഭിഷേക് വിഷക്കായ കഴിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.കാഴ്ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ള തായതു കൊണ്ടാണ് കുട്ടികൾ പറിച്ചു തിന്നുന്നത്.

Saturday, July 5, 2025

കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടയില്‍ വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷിച്ചു. ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഞണ്ടിത്താഴത്ത് ഹറഫാ മഹലില്‍ താമസിക്കുന്ന സുഹൈബിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു. വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനില്‍നിന്ന് വേര്‍പെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്.

കാളികാവിൽ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിൽ

കാളികാവ്: ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തി 58-ാം ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി.മലപ്പുറം കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയാണ്  കൂട്ടിൽ കുടുങ്ങിയത്. 

കഴിഞ്ഞ രണ്ട് ദിവസമായി കടുവയുടെ കാൽപ്പാടുകൾ പ്രദേശങ്ങളിൽ നിന്ന് ദൗത്യസംഘം കണ്ടെത്തിയിരുന്നു. കൂടാതെ, കടുവയെ കണ്ടതായി നാട്ടുകാരും സ്ഥിരീകരിച്ചു. കടുവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

മുഹറം: അവധി ഞായറാഴ്ച തന്നെ

സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു"

ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. .

Friday, July 4, 2025

വേറൊരു കൊലയും നടത്തി; പോലീസിനെ ഞെട്ടിച്ച്‌ മുഹമ്മദലി

14ാം വയസില്‍ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തി വന്നയാള്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൊഴി.

1986ല്‍  തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കൂടരഞ്ഞിയില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തോട്ടില്‍ തള്ളിയിട്ട് കൊന്നു എന്നായിരുന്നു 54കാരൻ മുഹമ്മദലിയുടെ ആദ്യ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ 1989ലും കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി പറയുന്നത്

കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോട് വന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ആ സമയത്ത് ഒരാള്‍ തന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ചു. ഇയാള്‍ വെള്ളയില്‍ ബീച്ച്‌ പരിസരത്തുള്ളതായി കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്ത് ബാബു പറഞ്ഞു

രണ്ട് പേരും അങ്ങോട്ട് ചെന്ന് കാര്യം ചോദിച്ച്‌ തർക്കമായി. ബാബു അവനെ തല്ലി താഴെയിട്ടു. മണ്ണിലേക്ക് മുഖം പൂഴ്ത്തിപ്പിടിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിഞ്ഞു. ബാബുവിനെ പിന്നീട് കണ്ടിട്ടില്ല. മരിച്ചതാരാണെന്നും അറിയില്ല എന്നും മുഹമ്മദലി പറഞ്ഞു

മുഹമ്മദലിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. അതേസമയം മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും പൊരുത്തപ്പെട്ട് വരുന്നുമുണ്ട്. 1986ലും 1989ലും ഇയാള്‍ പറഞ്ഞ സ്ഥലത്ത് രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയ വാർത്തകളുമുണ്ട്.

മൊട്ട ടയർ മാറ്റിയില്ലല്ലേ…! ഇൻഷുറൻസ് ക്ലെയിമിന് പോലും പ്രശ്നമാവും.

സുരക്ഷയിൽ അലംഭാവം അരുത് !"


മൊട്ട ടയർ(തേഞ്ഞ ടയർ) മാറ്റിയില്ലേ… മുന്നറിയിപ്പുമായി എം വി ഡി. സുരക്ഷിതമല്ലാത്ത ടയറുകൾ ഉപയോ​ഗിക്കുന്നതിലൂടെ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകും എന്ന് അറിയിക്കാനായി എം വി ഡി പങ്കുവെച്ച കുറുപ്പ്.

തേഞ്ഞ ടയർ ഉപയോഗിച്ച് വാഹനമോടുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകൾ വളരെ ഗുരുതരമാണ്. ടയറുകൾ, വാഹനം റോഡുമായി ബന്ധപ്പെടുത്തുന്ന ഏക ഭാഗമായതിനാൽ, അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നന്നത് അനിവാര്യമാണ്. താഴെപ്പറയുന്ന കാരണങ്ങൾ ഇതിൽ പ്രധാനമാണ്.

Also Read: ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌

റോഡിൽ ഗ്രിപ്പ് കുറയുന്നു: ടയർ തേയ്മാനം കൂടുമ്പോൾ, പ്രത്യേകിച്ച് നനഞ്ഞ റോഡുകളിൽ, ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇതു വാഹനത്തിന്റെ സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് വർദ്ധിപ്പിക്കുകയും, തെന്നി മാറാനുള്ള സാധ്യതയും പലമടങ്ങ് ഉയർത്തുകയും ചെയ്യും.

ടയർ പൊട്ടാനുള്ള സാധ്യത: തേയ്മാനമുള്ള ടയറുകൾ എളുപ്പത്തിൽ പൊട്ടാൻ സാധ്യതയുണ്ട്. ഉയർന്ന വേഗത്തിൽ ടയർ പൊട്ടുകയാണെങ്കിൽ, വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും, ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം.

Also Read: ഇലക്ട്രിക് സ്കൂട്ടർ സെഗ്മെൻ്റിൽ മറ്റുള്ളവർക്ക് വിട; കിടിലൻ വിലയിലും ഫീച്ചറുകളുമായി എത്തുന്നു ഹീറോ വിഡ VX2, വില 59,490 മുതല്‍

നിയന്ത്രണക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുമ്പോൾ, വാഹനം നിയന്ത്രിക്കാനും സ്റ്റീയർ ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടും. മോശം കാലാവസ്ഥയിൽ ഹൈഡ്രോപ്ലയിനിംഗ് സംഭവിച്ച് അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ബ്രേക്കിംഗ് ദൂരമുയരുന്നു: ബ്രേക്ക് ചെയ്യുമ്പോൾ, പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചതിന് ശേഷമേ വാഹനം നിൽക്കൂ. ഇത്, പ്രത്യേകിച്ച് മഴക്കാലത്ത്, അപകട സാധ്യതയെ പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.

ഇന്ധനക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഇന്ധനക്ഷമത കുറയ്ക്കുന്നു, അതിനാൽ ഇന്ധന ചെലവ് വർദ്ധിക്കുകയും ചെയ്യും.

നിയമവിരുദ്ധവും ഇൻഷുറൻസ് പ്രശ്നവും: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ തടസ്സമായി വന്നേക്കാം.

കുതിച്ചു പായുന്ന വാഹനവും റോഡും തമ്മിലുള്ള ഏക ബന്ധമാണ് ടയറുകൾ. അവയുടെ സുരക്ഷ ഉറപ്പാക്കുക, യാത്ര സുരക്ഷിതമാക്കുക!
“നാളെ ആവുകിൽ ഏറെ വൈകീടും” – സുരക്ഷയിൽ അലംഭാവം അരുത് !"
 

മനസ്സാക്ഷി ക്കുത്ത്.....ഞാനൊരാളെ കൊന്നു, ആളെ പേരറിയില്ല'; 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കൊലക്കുറ്റം ഏറ്റുപറഞ്ഞു പ്രതി

വേങ്ങര: തിരുവമ്പാടി  കൂടരഞ്ഞി യിൽ 14ാം വയസില്‍ നടത്തിയൊരു കൊലപാതകം 39 വർഷങ്ങള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് പ്രതി.

മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില് ‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്‍കി.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച്‌ കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

അക്കാലത്ത് ഇറങ്ങിയ പത്രവാർത്തകളുടെ ചുവട് പിടിച്ച്‌ ആർ.ഡി.ഒ ഓഫീസിലെ പഴയ ഫയലുകള്‍ പരിശോധിച്ച്‌ ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തിരുവമ്പാടി സി.ഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. 1986 ഡിസംബർ അഞ്ചിന് വന്ന ഒരു പത്രവാർത്ത മാത്രമാണ് ഇപ്പോള്‍ തുമ്പായത്

Thursday, July 3, 2025

സൂക്ഷിക്കുക,അമിതവേഗവും ഡ്രൈവിങ്അഭ്യാസവും:വാഹനാപകടത്തിന് നഷ്ടപരിഹാരമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകടകരവും,കുറ്റകരവുമായരീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി.

അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്മേല്‍മറിഞ്ഞു.

പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍വാഹനാപകട ട്രിബ്യൂണലിനുമുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാഹനം ഓടിച്ചയാള്‍ വരുത്തിവെച്ച അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ മരണപ്പെട്ടയാളുടെ ഭാര്യക്കും മാതാപിതാക്കള്‍ക്കും അര്‍ഹതയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വാഹനമോടിച്ചിരുന്ന ആളുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പമല്ലാതെ മറ്റൊരു കാരണങ്ങളും ഈ അപകടത്തില്‍ കാണാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിലയിരുത്തി."

ഓൺ ലൈൻ സാമ്പത്തിക തട്ടിപ്പിലെ കണ്ണികളായ 6 അംഗം താമരശ്ശേരി പോലീസ് പിടിയിൽ

താമരശ്ശേരി പോലീസ് കൈതപ്പൊയിൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓൺ സാമ്പത്തിക തട്ടിപ്പ് സംഘത്തിൻ്റെ കണ്ണികളായി പ്രവർത്തിക്കുന്ന ആറു പേരെ കസ്റ്റഡിയിലെടുത്തു.

കൈതപ്പൊയിൽ ഹിറ്റാച്ചി എ ടി എമിന് സമീപം വെച്ചാണ് പെരുമ്പളളി കമ്പിവേലിമ്മൽ മുഹമ്മദ് ഫിജാസ് (20),ചുണ്ടേൽ കൊളങ്ങര കാട്ടിൽ റാഷിദ് (25), കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ മൂസ(19), ഇക്ബാൽ, അസിൻ, ജിനു ദേവ് എന്നിവരെ പിടികൂടിയത്.
ഇവരിൽ നിന്നും 77800 രൂപയും, രണ്ട് എ ടി എം കാർഡും, മൂന്ന് മൊബൈൽ ഫോണും കണ്ടെടുത്തു.വിവിധ ആളുകളുടെ എക്കൗണ്ട് നമ്പറും, ATM കാർഡുകളും ശേഖരിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ ഇവരുടെ എക്കൗണ്ടുകളിലേക്ക് എത്തുന്ന പണം പിൻവലിച്ച് വഞ്ചിക്കുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പാണ് പ്രതികൾ നടത്തുന്നത്.

എക്കൗണ്ട് ഉടമകൾക്ക് തുച്ചമായ തുക നൽകിയാണ് ATM കാർഡ്, ചെക്ക് ബുക്ക് തുടങ്ങിയവ കൈക്കലാക്കുന്നത്. തട്ടിപ്പിന് ഇരയായവർ പരാതി നൽകുമ്പോൾ ആദ്യം പിടിയിലാവുക എക്കൗണ്ട് ഉടമകാണെന്ന വിവരം അറിയാതെയാണ് പലരും ATM കാർഡും, എക്കൗണ്ട് വിവരങ്ങളും തട്ടിപ്പ് സംഘത്തിന് കൈമാറുന്നത്.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

ഇവി സ്കൂട്ടര്‍ എടുക്കാൻ ആലോചിക്കുന്നുണ്ടോ?

നിരത്തുകൾ കയ്യടക്കി ഇലക്ട്രിക് സ്കൂട്ടറുകൾ മുന്നേറുമ്പോൾ ഇവ സ്വന്തമാക്കാൻ വേണ്ടിയുള്ള പ്രിയം ഏറുകയാണ്. നിരവധി മികച്ച മോഡലുകളാണ് ഇവി സെഗ്മെന്റില്‍ വിപണിയിലേക്ക് എല്ലാ മാസവും എത്തുന്നതും.

സിറ്റി റൈഡിനും ദൈനംദിന ആവശ്യങ്ങള്‍ക്കും ഇക്കോ ഫ്രണ്ട്ലി ആണെന്നതുമൊക്കെ വിപണിയില്‍ ഇവിക്ക് പ്രിയം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യൻ വിപണിയില്‍ ബഡ്ജറ്റ്, റൈഡിംഗ് ശീലങ്ങള്‍ എന്നിവ അനുസരിച്ച്‌ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ചില ഇവികള്‍ ഇതാണ്.

മികച്ച റേഞ്ച്, ഉയർന്ന വേഗത, ഫീച്ചറുകള്‍ നിറഞ്ഞ ടച്ച്‌സ്ക്രീൻ ഡിസ്പ്ലേ, പാർട്ടീ മോഡ്, പ്രോക്സിമിറ്റി അണ്‍ലോക്ക് തുടങ്ങിയ അഡ്വാൻസ്ഡ് ഫീച്ചറുകളാണ് ഓലയുടെ ഈ സ്കൂട്ടറുകളുടെ പ്രത്യേകത്. ഒറ്റ ചാർജില്‍ 195 കിലോമീറ്റർ റേഞ്ചാണ് ഈ മോഡലുകള്‍ക്ക് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. മോഡലുകള്‍ക്ക് അനുസൃതമായി റേഞ്ചിന് വ്യത്യാസം ഉണ്ടാകും. മോഡല്‍ അനുസരിച്ച്‌ ഏകദേശം ₹93,737 മുതല്‍ ₹1,57,757 (എക്സ്-ഷോറൂം) വരെയാണ് വില വരുന്നത്.



സ്പോർട്ടി ഡിസൈൻ, മികച്ച ഹാൻഡ്ലിംഗ്, 7 ഇഞ്ച് ടച്ച്‌സ്ക്രീൻ ഡിസ്പ്ലേ, മികച്ച സ്മാർട്ട് ഫീച്ചറുകളോടെ എത്തുന്ന വണ്ടിക്ക് 116 മിുതല്‍161 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മോഡല്‍ അനുസരിച്ച്‌ ഏകദേശം ₹1,11,000 മുതല്‍ ₹1,49,000 വരെ (എക്സ്-ഷോറൂം) വരെയാണ് വില വരുന്നത്.

നിരവധി സ്മാർട്ട് ഫീച്ചറുകളുമായി പരമ്ബരാഗത രൂപകല്‍പ്പനയില്‍ എത്തുന്ന വാഹനത്തിന് 75 കിലോമീറ്റർ മുതല്‍ 150 കിലോമീറ്റർ വരെയാണ് റേഞ്ച് (വേരിയന്റുകള്‍ അനുസരിച്ച്‌) വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്കൂട്ടറുകളില്‍ ഒന്നായ ഇതിന്റെ വില വരുന്നത് മോഡലുകള്‍ക്ക് അനുസരിച്ച്‌ ₹94,434 മുതല്‍ ₹1,31,000 (എക്സ്-ഷോറൂം) വരെയാണ്.


VX2 ഗോ, VX2 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന ഹീറോയുടെ ഈ ഇവി സ്കൂട്ടറുകള്‍ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ആയും വാഹനം ലഭിക്കും. VX2 ഗോയില്‍ 92 കിലോമീറ്റർ റേഞ്ചും. VX2 പ്ലസില്‍ 142 കിലോമീറ്റർ റേഞ്ചുമാണ് കമ്ബനി അവകാശപ്പെടുന്നത്. BaaS സംവിധാനം തെരഞ്ഞെടുത്താല്‍ 59,490 രൂപയും 64,990 രൂപയുമാണ് യഥാക്രമം ഇരു വേരിയന്റുകള്‍ക്കും വരുന്നത്. അതല്ല ബാറ്ററിയോടെയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കില്‍ 99,490 രൂപയും 1.10 ലക്ഷം രൂപയുമാണ് വില വരിക.

ഹോണ്ടയുടെ വിശ്വസ്തത, ആക്ടിവയുടെ ജനപ്രിയത, മികച്ച ഫീച്ചറുകള്‍ എന്നിവയോടെയെത്തുന്ന ആക്ടീവയുടെ ഇവിക്ക് 102 കിലോമീറ്റർ റേഞ്ചാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഏകദേശം ₹1,17,000 മുതല്‍ (എക്സ്-ഷോറൂം) ആണ് ആക്ടീവ ഇക്ക് വില വരുന്നത്

സൂംബയെ വിമര്‍ശിച്ച വിസ്‌ഡം നേതാവ് ടി കെ അഷ്റഫിന് സസ്‌പെൻഷൻ

ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.

വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയായ ടി കെ അഷ്റഫിനെ എടത്തനാട്ടുകര ടിഎ എം സ്കൂള്‍ മാനേജ്മെൻറ് സസ്പെൻഡ് ചെയ്‌തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

അതേസമയം സൂംബ വിവാദത്തില്‍ വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടികെ അഷറഫിന് പിന്തുണയുമായി യൂത്ത് ലീഗ്. ടി കെ അഷ്റഫിനെതിരെ നടപടിയെടുത്താല്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. പി കെ അഷ്റഫ് ഒറ്റപ്പെടില്ലെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവർക്ക് എതിരെ അവരുടെ ആശയവും രാഷ്ട്രീയവും ജാതിയും മതവും നോക്കി പക്ഷപാതപരമായി നടപടി സ്വീകരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം.

സത്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് അഭിപ്രായം പറഞ്ഞ അധ്യാപകനെതിരെയല്ല. ഇത്തരത്തില്‍ ശുപാർശ നടത്തിയ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെയാണ് നടപടി വേണ്ടത്. രാജ്ഭവനിലെ കാവിക്കൊടി വിഷയത്തില്‍ നിലപാട് പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ആർജ്ജവമുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടതെന്നും മുസ്തഫ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

Wednesday, July 2, 2025

ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ യുവാവ് ചില്ലറ ക്കാരനല്ല.

താമരശ്ശേരി: പരപ്പന്‍പൊയിലിലെ വാടകസ്റ്റോറില്‍ നിന്നും ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ യുവാവ്  ചില്ലറ ക്കാരനല്ല.ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂര്‍ ചീനിമുക്കിലെ ആക്രിക്കടയില്‍ മറിച്ചു വിൽക്കുകയായിരുന്നു യുവാവ്.താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവാവാണ് പാത്രങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍, നഷ്ടമായെന്ന് കരുതിയ സാധനങ്ങള്‍ തിരികെക്കിട്ടിയതോടെ വാടകസ്റ്റോര്‍ ഉടമയും മറിച്ചുവിറ്റ സാധനം വാങ്ങി പൊല്ലാപ്പിലായ ആക്രിക്കട ഉടമയും പരാതിയുമായി മുന്നോട്ടു പോവുന്നില്ലെന്ന് നിലപാടെടുത്തതോടെ സംഭവം കേസാക്കാതെ തീര്‍ക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ഇടപെട്ട് പാത്രങ്ങള്‍ ചൊവ്വാഴ്ചതന്നെ വാടകസ്റ്റോര്‍ ഉടമയ്ക്ക് തിരികെ ലഭ്യമാക്കിയിരുന്നു. ആക്രിക്കടയില്‍ വിറ്റ രണ്ട് ബിരിയാണിച്ചെമ്പിനും രണ്ട് ഉരുളിക്കും പുറമെ, യുവാവ് വാടകയ്‌ക്കെടുത്തിരുന്ന ഓരോ ചട്ടുകവും കോരിയുംകൂടി ഉടമയ്ക്ക് തിരികെ കിട്ടി.


തട്ടിപ്പ് നടത്തിയ യുവാവ് മുമ്പ് ഒരു പോക്‌സോ കേസില്‍ കുറ്റാരോപിതനായിരുന്നു. വാടകപ്പാത്രങ്ങള്‍ മറിച്ചുവില്‍ക്കുന്ന തട്ടിപ്പിന് ഇയാള്‍ ദിവസങ്ങള്‍ക്കുമുന്‍പ് തച്ചംപൊയില്‍ ഭാഗത്തെ വാടകസ്റ്റോറിലും ശ്രമം നടത്തിയിരുന്നെങ്കിലും, സംശയം തോന്നിയ സ്റ്റോര്‍ ഉടമ അന്ന് പാത്രങ്ങള്‍ നല്‍കിയിരുന്നില്ല. കൈതപ്പൊയിലില്‍ ഒരുമാസം മുമ്പ് അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ട് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് യന്ത്രഭാഗങ്ങള്‍ ഊരിയെടുത്ത് വില്‍ക്കാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാരാടിയില്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വന്തമാണെന്ന് അവകാശപ്പെട്ട് വര്‍ക്ക്ഷോപ്പുകാര്‍ക്ക് വില്‍ക്കാനും യുവാവ് ശ്രമം നടത്തിയതായാണ് വിവരം. അന്നെല്ലാം കൈയോടെ പിടികൂടപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോവാന്‍ ആരും മുതിരാതിരുന്നതാണ് ഇയാള്‍ക്ക് വളമായി മാറിയത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; രോഗികളെ മാറ്റുന്നു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. 

രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കം" മകളെ അച്ഛൻകൊന്നു

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പൊലീസ്. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ  കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.  

സംഭവ സമയത്ത് ഏയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങൾക്കും അറിയാമായിരുന്നു. പേടിച്ച കുടുംബം വിവരം പുറത്ത് പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. 

രാവിലെ വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാർ 28 കാരിയായ എയ്ഞ്ചൽ ജാസ്മിന്റെ മരണവിവരം അറിയുന്നത്. വീട്ടുകാർ പറഞ്ഞത് പോലെ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിയിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ നടത്തിയ പൊലീസിന് സംശയം തോന്നി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ ഡോക്ടർമാരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. 

പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അച്ഛൻ ജോസ്‌മോൻ കുറ്റം സമ്മതിച്ചു. വഴക്കിനിടെ മകളുടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ ജോസ്‌മോൻ സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ ലാബ് ടെക്നീഷ്യൻ ആണ്. ഭർത്താവുമായി പിണങ്ങി കുറച്ചുനാളായി സ്വന്തം വീട്ടിലാണ് എയ്ഞ്ചൽ കഴിയുന്നത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനെ ചൊല്ലി അച്ഛനും മകളും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റം ;പോലീസിൽ പരാതി നൽകി വിദ്യാർത്ഥി നികൾ

താമരശ്ശേരി: ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി യുമായി വിദ്യാർത്ഥി നികൾ. കോഴിക്കോട്- അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന  ബെറ്റർലൈൻസ് എന്ന ബസിലെ കണ്ടക്ടറാണ് മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും താമരശ്ശേരിയിലേക്ക് ബസ്സിൽ കയറിയ വിദ്യാർത്ഥിനികളോട് അസഭ്യ പദങ്ങൾ ഉപയോഗിച്ച സംസാരിച്ചത്.

യുനിഫോമിൽ കൺസക്ഷൻ കാർഡ് സഹിതം ബസ്സിൽ കയറിയവർക്കാണ് ദുരനുഭവം. ബസ്സിലെ കണ്ടക്ടർ പതിവായി ഇതേ രീതിയാണ് പെരുമാറ്റുള്ളതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. വൈകീട്ട് 5.15 ൻ്റെ ട്രിപ്പിലാണ് കുട്ടികൾ കയറിയത്.പല സമയത്തും വിദ്യാർത്ഥികളെ കാണുമ്പോൾ ഡോർ തുറക്കാൻ മടി കാണിക്കുന്നതായും പരാതിയുണ്ട്.


ഈ ബസ്സിലല്ലാതെ മറ്റ് ഏതെങ്കിലും ബസ്സിൽ കയറിയാൽ പോരെ എന്ന് പറഞ്ഞാണ് തുടക്കം.നാലു പേർ ഒന്നിച്ച് ബസ്സിൽ കയറുന്നതാണ് കണ്ടക്ടറെ ചൊടിപ്പിക്കുന്നത്.

വിദ്യാർത്ഥിനികൾ പഠിക്കുന്ന കോളേജിൽ നിന്നും മറ്റൊരു ബസിൽ കയറിയാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്, ആ സമയം താമരശ്ശേരി ഭാഗത്തേക്ക് നേരിട്ടുള്ള ബസ്സാണ്  ഇത്.

ജോളിയെ മൊഴി ചൊല്ലി ഭര്‍ത്താവ്; വിവാഹമോചന ഹര്‍ജി കോടതി അനുവദിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്കെതിരേ ഭർത്താവ് നല്‍കിയ വിവാഹമോചന ഹർജി കോടതി അനുവദിച്ചു

പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്.

കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാൻഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. അഡ്വ. ജി. മനോഹർലാല്‍ മുഖേന നല്‍കിയ ഹർജിയാണ് കോടതി അനുവദിച്ചത്.

2021-ല്‍ നല്‍കിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു. കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണ്‌ കേസ്.

ഐ ലവ് യു പറഞ്ഞാൽ പീഡനക്കുറ്റമാകില്ല”; യുവാവിനെ പോക്സോ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി

മുംബൈ:ഐ ലവ് യു പറഞ്ഞാൽ പീഡനക്കുറ്റമാകില്ല”; യുവാവിനെ പോക്സോ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി കോടതി.2015ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനായ 27 വയസുകാരനെ ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് തിങ്കളാഴ്ച കുറ്റവിമുക്തനാക്കി. പെൺകുട്ടിയോട് "ഐ ലവ് യു" എന്ന് പറയുകയും അവളുടെ കൈയ്യിൽ പിടിച്ചെന്നും മാത്രം കണ്ടെത്തിയ സാഹചര്യത്തിൽ യുവാവിനെതിരെ പീഡനക്കേസ് ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നിർണായക വിധി. ജസ്റ്റിസ് ഊർമിള ഫാൽക്കെയാണ് നാഗ്‌പൂർ ബെഞ്ചിൽ വിധി പറഞ്ഞത്. 2017 ഒക്ടോബർ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകളെ യുവാവ് തടഞ്ഞു നിർത്തി "ഐ ലവ് യൂ" എന്ന് പറഞ്ഞുവെന്നും, നിർബന്ധിച്ച് പേര് പറയിപ്പിച്ചുവെന്നുമാണ് കേസ്. എന്നാൽ ഐ ലവ് യൂ എന്ന് പറഞ്ഞതിന് പിന്നിൽ ലൈംഗിക ഉദേശ്യമില്ലെങ്കിൽ കുറ്റമാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Tuesday, July 1, 2025

പ്രവാസികളേ നിങ്ങൾ ഇനിയും നോർക്ക ഐ ഡി കാർഡ് എടുത്തില്ലേ? ........എങ്കിൽ നഷ്ടമാണട്ടോ......;*

പ്രവാസികള്‍ക്കായി  നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ കേരളത്തിന്റെ കരുതൽ ലോകത്തെവിടെയും അറിയാം അംഗമാകാം…* 
*പ്രത്യേകം പ്രചാരണ മാസാചരണത്തിന് തുടക്കമായി* 

*പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI), എന്നീ സേവനങ്ങൾ

പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ് ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI), എന്നീ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാർഡ് എടുത്തവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവർക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്.

ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.

വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐ.ഡി കാർഡ്, നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവർക്കും


നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവർക്കും നിലവിൽ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി കാർഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയർക്ക് എൻ.ആർ.കെ ഐ.ഡി കാർഡും ലഭിക്കും. എൻ.ആർ.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോൺസറുടെ തിരിച്ചറിയൽ രേഖകളിൽ ഒന്നായി നോർക്ക പ്രവാസി ഐ.ഡി. കാർഡ് പ്രയോജനപ്പെടുത്താവുന്നതാണ്.

നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in 2 (ល័ സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഐ.ഡി കാർഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012345 (വിദേശത്തുനിന്നും, മിസ്സ്‌ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സപ്ലൈകോ സബ്സിഡി ,ജൂലൈ മുതല്‍ ഓരോ കാർഡ് ഉടമയ്ക്കും എട്ടു കിലോ അരി വീതം

തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന ശബരി കെ – റൈസിന്റെ അളവ് കൂട്ടി. ജൂലൈ മുതല്‍ ഓരോ കാർഡ് ഉടമയ്ക്കും എട്ടു കിലോ അരി വീതം ലഭിക്കും. കെ റൈസും പച്ചരിയും അടക്കം 10 കിലോ ഓരോ കാർഡ് ഉടമയ്ക്കും പ്രതിമാസം ലഭിക്കും.

ഓരോ മാസവും രണ്ടു തവണയായാണ് ഇത് വിതരണം ചെയ്യുക. കെ – റൈസ് പരമാവധി അഞ്ച് കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.

അതേസമയം, ഇത്തവണ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം അരി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നിര്‍ത്തലാക്കിയ ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കാനും കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി ആർ അനിൽ.

‘ഓണത്തോടനുബന്ധിച്ച് കേരളത്തിന് അധികമായി അരിയും ഗോതമ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാനാണ് ഡല്‍ഹിയിലെത്തിയത്. മുന്‍കാലസര്‍ക്കാരുകള്‍ ഓണനാളിലും ഉത്സവ നാളുകളിലും അധികധാന്യം നല്‍കുന്ന രീതിയുണ്ടായിരുന്നു.എന്നാല്‍ എന്‍എഫ്എസ്എ ( ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം) വന്നതോട് കൂടി ആ സാധ്യത ഇല്ലാതാക്കി. ഓണത്തിന് കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അധികമായി കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്. നിര്‍ത്തലാക്കിയ ഗോതമ്പും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് കാര്യത്തിനും ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്’ ജി.ആര്‍.അനില്‍ പറഞ്ഞു.

2025-26 ഒന്നാം പാദത്തിലെ മണ്ണെണ്ണ അലോട്ട്‌മെന്റ് വിതരണത്തിനായി എടുക്കാന്‍ ജൂണ്‍ 30 വരെ നല്‍കിയ സമയപരിധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെന്നും അനുകൂലമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായും മന്ത്രി അനില്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് കുന്നത്തു പാലത്തെ ചൈത്രം ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയും താമരശ്ശേരി പെരുമ്പള്ളിയിൽ താമസക്കാരനുമായ സുലൈമാൻ എന്ന ഷാജിയാണ് (46) പിടിയിലായത്. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ ഷാജുവിന്റെ നേതൃത്വത്തിൽ എസ്‌ഐ സുനീറും സംഘവും തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് കുന്നത്തുപാലത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്. മോതിരത്തിൽ പേരെഴുതാൻ പറഞ്ഞ് അഡ്വാൻസും നൽകി ബാക്കി തുക എടിഎമ്മിൽ നിന്ന് എടുത്തു നൽകാമെന്ന് പറഞ്ഞു മോതിരവുമായി മുങ്ങുകയായിരുന്നു. മുമ്പും ഇയാൾ ഇത്തരം കേസിൽ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. പ്രതിയെ ജ്വല്ലറിയിൽ കൊണ്ടുപോയി തെളിവെടുത്തു. പാളയത്തെ ജ്വല്ലറിയിൽ ഇയാൾ വിറ്റ സ്വർണം കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

*കീം 2025 ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്*

കോഴിക്കോട്: കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ്. ഹരികൃഷ്ണ‌ൻ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 9-ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെൺകുട്ടികളിൽ മുന്നിൽ. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കോഴിക്കോട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

86549 പേർ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേർ യോഗ്യത നേടി. 67505 പേരുടെ എൻജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27841 പേർ ഫാർമസി പരീക്ഷയിൽ യോഗ്യത നേടി.ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി അനഘ അനിലാണ് ഒന്നാം റാങ്ക് നേടിയത്.

കോട്ടയം സ്വദേശി ഹൃഷികേശ് ആർ ഷേണായി രണ്ടാം റാങ്കും മലപ്പുറം സ്വദേശിനി ഫാത്തിമാത്തു സഹ്റ മൂന്നാം റാങ്കും നേടി.മാർക്ക് ഏകീകരണത്തിൽ വിദഗ്ദ്‌ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്ത് വന്നത്.സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് നഷ്ട‌പ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാർക്ക് ഏകികരണം നടപ്പാക്കാൻ മന്ത്രിസഭയോഗം തീരുമാനിക്കുകയായിരുന്നു

അപേക്ഷയിലെയും അപ്‌പ്ലോഡ് ചെയ്ത‌ സർട്ടിഫിക്കറ്റിലെയും തെറ്റുകൾ തിരുത്താനുള്ള അവസരമുണ്ട്. 2025 എഐസിടി അക്കാദമിക്ക് കലണ്ടർ പ്രകാരം 2025 ഓഗസ്റ്റ് 14ന് ഉള്ളിൽ ബിടെക് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം യാത്രക്കാർക്കില്ല. ചില്ലറ പ്രശ്നവും പരിഹരിക്കപ്പെടും. ഓൺലൈൻ പേയ്‌മെന്റിന്റെ ബുദ്ധിമുട്ടുകളും ഇല്ല.

അതേ സമയം സ്മാർട്ട് കാർഡ് അവതരിപ്പിച്ച ദിവസങ്ങൾക്കകം തന്നെ വലിയ ഡിമാൻഡാണ് ഇതിനുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഡിപ്പോകളിലെല്ലാം സ്റ്റോക്ക് തീർന്ന അവസ്ഥയിലാണ്

100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 3,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം എന്നതും എടുത്തുപറയേണ്ടതാണ്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലന്‍സ് കുറയും. കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ചലോ ആപ് വഴിയും റീ ചാര്‍ജ് ചെയ്യാം.

ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച്‌ നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരൻ

പിതാവ് അറിയാതെ യാണ് വാഹനം എടുത്തു പോയത് 


ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച്‌ നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്ബതാം ക്ലാസുകാരനെന്ന് കണ്ടെത്തി പൊലീസ്

ബാലുശ്ശേരി കോക്കല്ലൂര്‍ മുത്തപ്പന്‍തോടാണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോയത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായതോടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. ഓടിച്ച ബൈക്കിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. ബൈക്ക് ഉടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാകും.

കല്യാണമുണ്ടേ...'; ബിരിയാണിച്ചെമ്പടക്കം വാടകയ്ക്കെടുത്ത് ആക്രിക്കടയില്‍ വിറ്റു, യുവാവിനെ കണ്ടെത്താനായില്ല

താമരശേരി:വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവിറ്റു.

താമരശ്ശേരി പരപ്പൻപൊയിലിലെ ഒകെ സൗണ്ട്സ് എന്ന വാടക സ്റ്റോറില്‍നിന്ന് യുവാവ് കൊണ്ടുപോയ ബിരിയാണി ചെമ്ബുകള്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളാണ് പൂനൂരിലെ ആക്രിക്കടയില്‍ വില്‍പ്പന നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടിലെ കല്യാണത്തിന് എന്നുപറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വാടകയ്ക്കെടുത്തത്. പിന്നീട് പരപ്പൻപൊയിലില്‍നിന്ന് ഗുഡ്സ് ഓട്ടോ വിളിച്ച്‌ പാത്രങ്ങള്‍ കയറ്റിക്കൊണ്ടുപോയി. താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് പാത്രങ്ങള്‍ എടുത്തത്. സാധനങ്ങള്‍ എടുക്കുന്ന സമയത്ത് ഫോണ്‍ നമ്ബറും വിലാസവും നല്‍കിയിരുന്നു. സല്‍മാൻ എന്നാണ് യുവാവ് പേരുപറഞ്ഞത്.

ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച പാത്രങ്ങള്‍ തിരികെ എത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാത്രങ്ങള്‍ അണ്ടോണയിലല്ല, പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി.


വീടിനടുത്തേക്ക് വണ്ടി പോകാത്തതിനാല്‍ പാത്രങ്ങള്‍ ഇവിടെ ഇറക്കിയാല്‍ മതിയെന്നാണ് ഓട്ടോ ഡ്രൈവറോട് യുവാവ് പറഞ്ഞത്. ഈ വിവരപ്രകാരം കടയുടമ തിങ്കളാഴ്ച പൂനൂരിലെ ആക്രിക്കടയില്‍ എത്തിയപ്പോളാണ് പാത്രങ്ങള്‍ കണ്ടെത്തിയത്. ആക്രിക്കട ഉടമയോട് വിവരങ്ങള്‍ പറഞ്ഞശേഷം വാടക സ്റ്റോർ ഉടമ റഫീഖ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. വാടകയ്ക്ക് എടുത്തതാണെന്ന് ആക്രിക്കടക്കാർക്ക് മനസ്സിലാവാതിരിക്കാൻ പാത്രങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ യുവാവ് വില്‍പ്പന നടത്തിയിരുന്നില്ല. മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല 

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞ...