ഔറംഗാബാദ്: പോപുലര്‍ ഫ്രണ്ട് സെമിനാറിലും കരാട്ടെ പോലുള്ള ശാരീരിക പരിശീലനത്തിലും പങ്കെടുത്തത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഘടനയുടെ സജീവപ്രവര്‍ത്തകരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മൂന്നു പേര്‍ക്ക് ജാമ്യം നല്‍കിയ വിധിയിലാണ് ജസ്റ്റിസുമാരായ നിതിന്‍ സൂര്യവംശിയും സന്ദീപ്കുമാര്‍ മോറെയും ഇക്കാര്യം പറഞ്ഞത്. സയ്യദ് ഫൈസല്‍ സയ്യദ് ഖലീല്‍, അബ്ദുല്‍ ഹാദി അബ്ദുല്‍ റൗഫ് മുഅ്മിന്‍, ശെയ്ഖ് ഇര്‍ഫാന്‍ ശെയ്ഖ് സലിം എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2022 സെപ്റ്റംബര്‍ 21നാണ് മൂന്നുപേര്‍ക്കുമെതിരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കേസെടുത്തത്. മുസ്‌ലിം യുവാക്കള്‍ക്ക് വേണ്ടി ശാരീരിക-സായുധ പരിശീലന ക്യാംപ് നടത്തിയെന്നായിരുന്നു ആരോപണം. ഈ പരിപാടികളില്‍ 'വിദ്വേഷ പ്രസംഗങ്ങള്‍' നടത്തിയതായും ഇന്ത്യയിലെ മുസ്‌ലിംകള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്നും ഹിന്ദു സംഘടനകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം ജനതയെ ആക്രമിക്കുന്നുണ്ടെന്നും പറയുന്ന പ്രസംഗങ്ങള്‍ നടത്തിയതായും പോലിസ് വാദിച്ചു. വരാനിരിക്കുന്ന കാലം മുസ്‌ലിം സമുദായത്തിന് പ്രയാസകരമായിരിക്കുമെന്നതിനാല്‍ മുസ്‌ലിംകള്‍ പോപുലര്‍ ഫ്രണ്ടില്‍ ചേരണമെന്ന് പ്രഭാഷകര്‍ പ്രേരിപ്പിച്ചതായും പോലിസ് വാദിച്ചു. പൗരത്വ നിയമഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ഹിജാബ് നിരോധനം, മുത്തലാഖ് നിരോധനം എന്നിവയെ കുറിച്ചും പ്രഭാഷകര്‍ സംസാരിച്ചുവത്രെ. പിന്നീട് കേസിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
രജിസ്റ്റര്‍ ചെയ്ത് പോലിസ് 2022 സെപ്റ്റംബര്‍ 28ന് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. പക്ഷേ, മൂന്നു പേര്‍ക്കുമെതിരായ കേസ് സെപ്റ്റംബര്‍ 21നാണ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ യോഗങ്ങളിലോ സെമിനാറുകളിലോ കരാട്ടെ പോലുള്ള പരിശീലനങ്ങളിലോ പങ്കെടുത്തുവെന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമാവില്ല. അതിനാല്‍, തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണ വിധേയരില്‍ നിന്നും വാളുകളും രാംപൂര്‍ കത്തികളും ബാബരി മസ്ജിദ് തകര്‍ക്കല്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവയുടെ വീഡിയോകളും കണ്ടെത്തിയെന്ന് എന്‍ഐഎ വാദിച്ചു. കോടതി തന്നെ ഇതിന് മറുപടിയും നല്‍കി. ''ഇര്‍ഫാനില്‍ നിന്നും വാളും രാംപൂര്‍ കത്തിയും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. പക്ഷേ, പ്രത്യക്ഷമായ തീവ്രവാദ പ്രവര്‍ത്തനമോ നിയമലംഘനമോ ഇല്ലെങ്കില്‍ അവയെ തീവ്രവാദമായി കാണാനാവില്ല. ഈ ആയുധങ്ങള്‍ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ സര്‍ക്കാരിനെ അട്ടിമറിക്കാനോ ഉപയോഗിച്ചതായി പോലിസ് തന്നെ പറയുന്നില്ല. വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസിലെ ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നില്ല. കേസില്‍ 145 സാക്ഷികളാണുള്ളത്. എല്ലാ ദിവസവും വിചാരണ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഞ്ച് സാക്ഷികളെ മാത്രമേ വിസ്തരിക്കാനായിട്ടുള്ളൂ. നിലവില്‍ ആരോപണ വിധേയര്‍ രണ്ടു വര്‍ഷവും എട്ടുമാസവുമായി ജയിലിലാണ്. അതിനാല്‍ അവരെ ജാമ്യത്തില്‍ വിടുകയാണ്.''-കോടതി പറഞ്ഞു.
No comments:
Post a Comment