മംഗളൂരു: പാകിസ്താൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളി യുവാവ്. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫാണ് മരിച്ചത്. മൃതദേഹം തിരിച്ചറിയാൻ സഹോദരൻ മംഗളൂരുവിലേക്ക് എത്തും. മാനസിക വെല്ലുവിളി നേരിടുന്ന അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, വലപ്പോഴും മാത്രമേ ഇയാൾ വീട്ടിലേക്ക് വന്നിരുന്നുള്ളു.
കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആൾക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിൽ 25 പേരെങ്കിലും പങ്കാളികളായെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കുൽശേഖർ നിവാസിയായ ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. മംഗളൂരു കടുപ്പിലും പരിസരത്തും താമസിക്കുന്ന സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാറസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ് ധേതന്തി (35), (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.ഇവർ ഹിന്ദുത്വ സംഘടന പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലേക്ക് കുഡുപ്പുവിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. പ്രാദേശിക പൊലീസും മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും ഉടൻതന്നെ സംഭവസ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി. ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കാണാത്തതിനാൽ മരണകാരണം നിർണയിക്കാൻ ഫോറൻസിക് വിദഗ്ധർ പോസ്റ്റ്മോർട്ടം നടത്താൻ ശിപാർശ ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിനു സമീപം നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം.മരിച്ചയാളെ ഒരു കൂട്ടം ആളുകൾ കൈകൾ, വടികൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചവിട്ടുകയും ചെയ്തെന്ന് അന്വേഷണത്തിൽ വ്യക്തമായി. സമീപത്തുണ്ടായിരുന്നവർ ഇടപെടാൻ ശ്രമിച്ചെങ്കിലും, സംഘം ആക്രമണം തുടർന്നു.
ഇത് മരണത്തിൽ കലാശിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് മരണകാരണം ആന്തരിക രക്തസ്രാവവും പിറകിൽ ഒന്നിലധികം തവണ മൂർച്ചയുള്ള ബലപ്രയോഗത്തിലൂടെയുണ്ടായ ആഘാതവും വൈദ്യസഹായത്തിന്റെ അഭാവവുമാണെന്ന് മനസ്സിലായി.
ഇതര സമുദായക്കാരനായ യുവാവുമായി വാക്കേറ്റമുണ്ടാവുകയും ഇതു മർദനത്തിൽ കലാശിക്കുകയുമായിരുന്നെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സാമുദായിക സൗഹാർദം തകർക്കുമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സാമൂഹിക സൗഹാർദം നിലനിർത്തണമെന്നും ഊഹപ്രചാരണങ്ങൾക്കിരയാവരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
‘സംഭവങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യണമെന്നും കൊല്ലപ്പെട്ടയാൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ പൊലീസിൽ ഏൽപിക്കുകയാണ് വേണ്ടിയിരുന്നതെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു.