കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം' എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകമാകെ കയ്യടക്കുകയായിരുന്നു. കോർണർ സോഫകളും ബീൻ ബാഗുകളും കുഷ്യൻ കസേരകളും എത്തുന്നതിന് മുൻപ് സ്കൂളുകളിലും ആശുപത്രികളിലും റസ്റ്ററന്റുകളിലും ഏതൊരു വരാന്തയിലും പുൽത്തകിടിയിലും ഇടം പിടിച്ചിരുന്ന ഈ ഭാരം കുറഞ്ഞ ഇരിപ്പിടങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ കഥ പറയും.
ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര' എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. കൂടുതലായും വെള്ള നിറത്തിൽ നിർമിക്കപ്പെട്ടിരുന്നതിനാൽ വെള്ളക്കസേരയെന്ന് വിളിപ്പേരുണ്ടെങ്കിലും ഇവ പൊതുവേ അറിയപ്പെടുന്നത് 'മോണോബ്ലോക്ക് ചെയർ' എന്ന പേരിലാണ്. ഒറ്റ പ്ലാസ്റ്റിക് കഷണത്തിൽ നിന്നും നിർമ്മിക്കപ്പെടുന്നു എന്നതിനാലാണ് ഈ പേര് ലഭിച്ചത്.
സാധാരണ കസേരകളുടെ നിർമാണത്തിൽ നിന്നും വ്യത്യസ്തമായി പോളിപ്രൊപ്പലിൻ എന്ന റെസീൻ നിശ്ചിത താപനിലയിലുള്ള മോൾഡിലേക്ക് ഒഴിച്ചാണ് ഇവ തയാറാക്കുന്നത്. മിനിറ്റുകൾ കൊണ്ട് നിർമിച്ചെടുക്കുന്ന ഇവ ജനകീയമായതിന്റെ കാരണങ്ങൾ പലതാണ്.
വിലയാണ് അതിൽ ഒന്നാമത്. ഒരു കസേരയുടെ നിർമാണ ചെലവ് 300 രൂപയിൽ താഴെയാണ്. 1000 രൂപയ്ക്കടുത്ത് മാത്രമാണ് വിപണിവില. ഭാരക്കുറവാണ് രണ്ടാമത്തെ കാരണം. തടിയിൽ നിർമിച്ച ഇരിപ്പിടങ്ങളെ അപേക്ഷിച്ച് വീടിനകത്തും പുറത്തും എളുപ്പത്തിൽ എടുത്തു കൊണ്ട് പോകാനാവും. ഒന്നിലധികം കസേരകൾ ആവശ്യാനുസരണം ഒറ്റക്കസേരയുടെ സ്ഥാനത്ത് അടുക്കുകളായി വയ്ക്കാം എന്നതായിരുന്നു മറ്റൊരു മേന്മ.
1946 ൽ കനേഡിയൻ ഡിസൈനറായ ഡി സി സിംപ്സണാണ് ആദ്യമായി മോണോബ്ലോക്ക് കസേരകൾക്ക് രൂപം നൽകിയത്. എന്നാൽ അക്കാലത്ത് വൻതോതിലുള്ള ഉൽപാദനം സാധ്യമായിരുന്നില്ല. 1960 കൾ എത്തിയതോടെയാണ് ഈ തടസ്സങ്ങളെ മറികടന്ന് പ്ലാസ്റ്റിക് കസേരകൾ നിർമിക്കപ്പെട്ടു തുടങ്ങി. ഒറ്റ പ്ലാസ്റ്റിക് ബ്ലോക്ക് ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ബോഫിംഗർ ചെയർ, പാൻ്റോൺ ചെയർ തുടങ്ങിയവയായിരുന്നു അക്കാലത്ത് നിർമിക്കപ്പെട്ടത്. എന്നാൽ ഇന്ന് കാണുന്ന തരത്തിൽ സാർവത്രികമായ രൂപകൽപനയിൽ പ്ലാസ്റ്റിക് കസേരകൾ പുറത്തിറങ്ങിയത് 1983ലായിരുന്നു.ഏതു കാലാവസ്ഥയ്ക്കും അനുയോജ്യവും സൗകര്യപ്രദവും വിലക്കുറവുമുള്ള കസേരകൾ കണ്ണടച്ചു തുറക്കു മുൻപ് ലോകത്തിന്റെ എല്ലാ കോണിലും ഇടംപിടിച്ചു.
No comments:
Post a Comment