Thursday, April 24, 2025

കശ്മ‌ീരിൽ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ'; നടന്നത് വിശദീകരിച്ച് ആരതി

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്സാക്ഷിയായ കൊച്ചി സ്വദേശി ആരതി.

ഭീകരാക്രമണത്തിൽ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താൻ നേരിൽ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്‌മീരി ഡ്രൈവർമാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികൾ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു

'മിനി സ്വിറ്റ്സർലാൻ്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങൾ. നിറയെ വിദേശികൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗൺ ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേൾക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോൾ തന്നെ മനസ്സിലായി. ഞാൻ അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാൻ പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എൻ്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എൻ്റെ മുന്നിൽവെച്ച് വെടിവെച്ചു. എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കൾ 'അമ്മാ ലെറ്റ്സ് മൂവ്' എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എൻ്റെ തലയിൽ ഒന്ന്
കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കൾ കരഞ്ഞപ്പോൾ അയാൾ പോയി. എന്റെ അടുത്ത് വന്നയാൾ സൈനിക വേഷത്തിൽ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് സിഗ്നൽ കിട്ടിയത്. തുടർന്ന് ഞാൻ എൻ്റെ കശ്‌മീരി ഡ്രൈവർ മുസാഫിറിനെ ഫോണിൽ വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.
പ്രദേശവാസികൾ എല്ലാവരെയും സഹായിച്ചു. അവിടുത്തെ സർക്കാരായാലും കേരള സർക്കാരായാലും കേന്ദ്രസർക്കാരായാലും വലിയ പിന്തുണ നൽകി. അവിടുത്തെ പ്രദേശവാസികൾ വലിയ സഹായം ആയിരുന്നു. താമസം ഒരുക്കി. പണമൊന്നും വാങ്ങിയില്ല. പാവം കശ്‌മീരി ഡ്രൈവർമാരായ മുസാഫിറും സമീറും അനിയത്തിയെപ്പോലെ കൊണ്ടുനടന്നത്. എനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ ഞാൻ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്ന് ആശംസിച്ചാണ് പിരിഞ്ഞത്', ആരതി സംഭവിച്ചത് വിശദീകരിച്ചു.

കടപ്പാട് 

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...