Monday, April 28, 2025

*നന്മയുടെ ഫലം നന്മ തന്നെ*

മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാൾ  രാത്രിയിൽ ഒരു വീടിനു പുറത്ത് ജനാലക്കരികിൽ പതുങ്ങി നിൽക്കുകയായിരുന്നു.
ജനാലയിൽക്കൂടി അയാൾ ഒളിഞ്ഞു നോക്കുമ്പോൾ കാണുന്നത് വൃദ്ധയും അവശയുമായ ഒരു സ്ത്രീ കട്ടിലിൽ കിടക്കുന്നതാണ്. ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടിരുന്ന അവർ തന്റെ കട്ടിലിനോട് ചേർന്ന്  ഇട്ടിരുന്ന മേശപ്പുറത്തു വെച്ചിരുന്ന inhaler കൈയ്യെത്തിപ്പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവർക്ക് അത് കൈനീട്ടി എടുക്കാനായില്ല. അലിവ് തോന്നിയ മോഷ്ടാവ് ജനാലയിലൂടെ കൈയ്യിട്ട് ആ inhaler അവർക്ക് എടുത്തു കൊടുത്തു.

പുറത്ത് നിൽക്കുന്നത് ഒരു മോഷ്ടാവ് ആണെന്ന്  മനസ്സിലായെങ്കിലും ആ സ്ത്രീ അയാളെ അകത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു:

"ഞാൻ ഒരു കള്ളനെ ആദ്യമായിട്ട് കാണുകയാണ്. നിനക്ക് എന്താണ് വേണ്ടത്?"

അത് കേട്ടപ്പോൾ അയാൾ നിരാശയോടെ പറഞ്ഞു:

"ഞാനൊരു പതിവ് മോഷ്ടാവൊന്നുമല്ല. നാളെ എന്റെ അമ്മക്ക് ഒരു ഓപ്പറേഷൻ ആണ്. അതിനുള്ള പണം കണ്ടെത്താൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണ്....."

ആ സ്ത്രീ വളരെ പ്രയാസപ്പെട്ട് ഒരു ഊന്നുവടിയുടെ സഹായത്താൽ കട്ടിലിൽ നിന്ന് ഇറങ്ങി നടന്ന് അലമാരയിൽനിന്ന് രണ്ട് സ്വർണ വളകൾ എടുത്ത് അയാൾക്ക് നൽകി. അത് കണ്ടപ്പോൾ അയാൾ വികാരാധീനനായി അവരെ തൊഴുതുപോയി. അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവർ പറഞ്ഞു:

"നീ ഇപ്പോൾ ഇവിടെ വന്നതുകൊണ്ട് രണ്ട് ജീവനുകളാണ് രക്ഷപ്പെട്ടത്...എന്റെയും നിന്റെയും.... നിനക്ക് എന്നെ നിന്റെ സ്വന്തം അമ്മയെപ്പോലെ കരുതാം."

ജന്മം കൊണ്ട് മാത്രം ആരും ആരുടേയും സഹോദങ്ങളോ മാതാപിതാക്കളോ ഒന്നും ആയി മാറുന്നില്ല.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ചിലർ ആരുടെയെങ്കിലും ഒക്കെ വേണ്ടപ്പെട്ടവരായി മാറുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ആരും കാണാതെ കിടക്കുന്ന ചില നന്മകൾ എല്ലാവരിലും ഉണ്ടെന്നുതന്നെയാണ്.

സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകട വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരുനാൾ തിരിച്ചറിവിനുള്ള സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാൽ അപ്പോൾ തന്നെ അവിടെ നിന്നു തിരിച്ചു നടക്കാനുള്ള ഒരു മനസ്സുണ്ടാവണം. അതല്ലെങ്കിൽ ഒരു കാലത്തും നന്മയിലേക്ക് നടന്നു കയറാൻ സാധിച്ചെന്നു വരില്ല.*

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...