കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ഇന്‍സ്റ്റഗ്രാമിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയില്‍ ബാഷിദി(28)നെയാണ് വയനാട് സൈബര്‍ ക്രൈം പോലിസ് പിടികൂടിയത്.
കഴിഞ്ഞവര്‍ഷം ജൂലായ് 30ന് നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് പിറ്റേദിവസം ഇയാള്‍ ലൈംഗികപരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്‍പ്പറ്റയില്‍ ബിസിനസ് നടത്തുകയും ചെയ്യുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ചത്.
കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പില്‍ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് പരാതി കൊടുക്കുകയായിരുന്നു. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്കുനേരേ മോശം പരാമര്‍ശം നടത്തിയത്. നൂറുകണക്കിന് ഐപി മേല്‍വിലാസങ്ങള്‍ വിശകലനം ചെയ്താണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരനായ യുവാവിനൊപ്പം മാര്‍ക്കറ്റിങ് ബിസിനസില്‍ ഉണ്ടായിരുന്ന ആളായിരുന്നു ബാഷിദ്. എന്നാല്‍, സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ബാഷിദിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്കുനേരേ അതിക്രമം നടത്താന്‍ കാരണമെന്ന് പോലിസ് പറയുന്നു
No comments:
Post a Comment