പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ ഭീകരരെ ധൈര്യപൂർവ്വം നേരിട്ട കുതിരക്കാരനും. അപ്രതീക്ഷിത ആക്രമണത്തിൽ വിനോദ സഞ്ചാരികൾ പകച്ചു നിന്നപ്പോൾ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന കുതിരക്കാരൻ ഭീകരന്‍റെ റൈഫിൾ തട്ടിമാറ്റാൻ ശ്രമിച്ചു. തുടർന്ന് വെടിയേറ്റ് മരിച്ച ആ യുവാവ് കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു.
പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് ഓടിയൊളിക്കാൻ പോലും കഴിയാത്ത സമതലത്തിലേക്ക് ഇരച്ചെത്തിയ ഭീകരർ വെടിയുതിർത്തത്. സയ്യിദ് ആദിൽ ഹുസൈൻ ഷാ തന്നാൽ കഴിയും വിധം ഒരു ഭീകരനെ നേരിട്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭീകരന്‍റെ കയ്യിലെ തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഭീകരൻ ഷായ്ക്ക് നേരെ വെടിയുതിർത്തു കഴിഞ്ഞിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- "ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന് അറിഞ്ഞത്. എന്‍റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം"- താവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.
No comments:
Post a Comment