കോ ഴിക്കോട്: രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന മൂന്ന് പാകിസ്‌താൻ പൗരന്മാർക്ക് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പോലീസ്.പിൻവലിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. കൊയിലാണ്ടി സ്വദേശി ഹംസ, വടകരയിൽ താമസിക്കുന്ന ഖമറുന്നിസ, സഹോദരി അസ്മ എന്നിവർക്ക് ശനിയാഴ്‌ച വൈകീട്ടോടെ നൽകിയ നോട്ടീസാണ് രാത്രിയോടെ പിൻവലിച്ചത്.
മൂന്ന് പേരും ദീർഘകാല വിസയ്ക്ക് (ലോങ് ടേം വിസ) അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യൻ പൗരത്വത്തിനായി നേരത്തെ അപേക്ഷ നൽകിയിട്ടുണ്ടെന്നതും പരിഗണിച്ചാണ് നോട്ടീസ് പിൻവലിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഏപ്രിൽ 27 - നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസായിരുന്നു ഇവർക്ക് ലഭിച്ചത്.
ഖമറുന്നിസയുടെ കുടുംബം 1993-ൽ കറാച്ചിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി, പിന്നീട് 2022-ൽ വടകരയിലേക്ക് താമസം മാറ്റി. അസ്മ വിവാഹ ശേഷം ചൊക്ലിയിലാണ് താമസിക്കുന്നത്. 2024 - ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്. കൊയിലാണ്ടി സ്വദേശിയായ ഹംസ ജനിച്ചത് കേരളത്തിലാണെങ്കിലും 1965 ൽ ജോലി തേടി അന്നത്തെ കിഴക്കൻ പാകിസ്‌താനിലെത്തി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് വരാൻ പാസ്പോർട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിക്കേണ്ടി വന്നത്.
2007ൽ കച്ചവടം അവസാനിപ്പിച്ച് കേരളത്തിൽ എത്തിയ ഹംസ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്നുള്ള മറുപടി ലഭിച്ചത് അല്ലാതെ വേറെ നടപടിക്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്രം പാകിസ്താൻ പൗരന്മാരുടെ വിസകൾ റദ്ദാക്കുകയും രാജ്യം വിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച നടപടികൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകുകയും ചെയ്‌തിരുന്നു.
കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും, മൂന്ന് പേർക്ക് മാത്രമാണ് നോട്ടീസ് ലഭിച്ചത്. ഹംസയ്ക്ക് നൽകിയ നോട്ടീസ് ഇതിനോടകം പിൻവലിച്ചു. പോലീസ് കണക്കനുസരിച്ച്, കേരളത്തിൽ 104 പാകിസ്‌താൻ പൗരന്മാർ താമസിക്കുന്നുണ്ട്, ഇതിൽ 45 പേർക്ക് ദീർഘകാല വിസയുണ്ട്. നോട്ടീസ് ലഭിച്ചവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നോട്ടീസ് പിൻവലിക്കുന്നത്.
No comments:
Post a Comment