ശബരിമല: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ശബരിമല നട വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ആഴി ജ്വലിപ്പിച്ച് നിയുക്ത മേൽശാന്തിമാരെ സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30-ഓടെ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് ചുമതലയേൽപ്പിക്കും. മാളികപ്പുറം ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും ഇതോടൊപ്പം നടക്കും. ഇന്ന് മറ്റ് പൂജകൾ ഉണ്ടാകില്ല.
ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറക്കുന്നതോടെയാണ് മണ്ഡലകാല പൂജകൾ ആരംഭിക്കുക. ഡിസംബർ 27-നാണ് മണ്ഡലപൂജ. അന്ന് രാത്രിയോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30-ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. ജനുവരി 20-ന് നട അടയ്ക്കും. മണ്ഡലകാലത്ത് പ്രതിദിനം 80,000 തീർഥാടകർക്കാണ് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താം.
0 Comments