റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി സൗദി അറേബ്യ അധികൃതര്‍ സ്ഥിരീകരിച്ചു. 300ലധികം പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഈ ആഴ്ചയില്‍ മാത്രം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
കൊല്ലപ്പെട്ടവരില്‍ നാല് സൗദി പൗരന്മാരും ഒരു അമേരിക്കന്‍ പൗരനും, രണ്ട് ബംഗ്ലാദേശി പൗരന്മാര്‍, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഏഴ് ദിവസത്തിനുള്ളില്‍ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണിത്. ആശുപത്രികള്‍ ഇതിനകം തന്നെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്നും അതോറിറ്റി വിശദീകരിച്ചു.
ശനിയാഴ്ച റിയാദില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ആക്രമണം നടത്തിയത് യെമനിലെ ഹൂഥികളാണെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആരോപണം. ആക്രമണത്തെ അപലപിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ യെമന്‍ സര്‍ക്കാരും അപലപിച്ചു. സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും ഹൂഥി ഭീഷണി അവസാനിപ്പിക്കുന്നതിനായി സഖ്യ സേനയ്‌ക്കൊപ്പം ചേര്‍ന്ന് പോരാട്ടം തുടരുമെന്നും യെമന്‍ വ്യക്തമാക്കി. കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ മുന്നറിയിപ്പില്ലാതെ നടക്കുന്ന ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഈ ആഴ്ചയുലുണ്ടായ മറ്റു രണ്ട് ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
0 Comments