ഡല്‍ഹിയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (എസ്‌ഐആർ) നടപടിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രമുഖർക്കും നോട്ടീസ് നല്‍കി.
ഇലക്ഷൻ കമ്മിഷണർ എസ്.എസ്. സന്ധു, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് നോട്ടീസ് ലഭിച്ചവരില്‍ പ്രമുഖർ.
വോട്ടർപട്ടികയിലെ വിവരങ്ങളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളാണ് നോട്ടീസിന് കാരണമെന്നാണ് റിപ്പോർട്ടുകള്‍. മുൻ കേന്ദ്രമന്ത്രി കപില്‍ സിബല്‍, മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവർക്കും നോട്ടീസ് ലഭിച്ചു. ഇലക്ഷൻ കമ്മിഷണർ എസ്.എസ്. സന്ധുവിന്‍റെ പേരുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വോട്ടർപട്ടികയിലെ വിവരങ്ങളില്‍ പിതാവുമായുള്ള പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട പൊരുത്തക്കേടാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കഴിഞ്ഞ എസ്‌ഐആറിലെ രേഖകളില്‍ പേര് ഇല്ലാത്തതിനെ തുടർന്നാണ് കപില്‍ സിബലിനും വിക്രം മിസ്റിക്കും നോട്ടീസ് നല്‍കിയത്. എല്‍.കെ. അദ്വാനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മകള്‍ പ്രതിഭ അദ്വാനിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കെജ്‌രിവാളിന് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യ സുനിത കെജ്‌രിവാള്‍, മകൻ പുല്‍ക്കിത് കെജ്‌രിവാള്‍, മാതാപിതാക്കളായ ഗോബിന്ദ് റാം കെജ്‌രിവാള്‍, ഗീതാ ദേവി എന്നിവർക്കും നോട്ടീസ് ലഭിച്ചു. ജയശങ്കർക്ക് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും നോട്ടീസ് നല്‍കി.
വോട്ടർപട്ടികയിലെ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ രേഖകള്‍ സമർപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ് നല്‍കുന്നത്. എസ്‌ഐആർ നടപടിയുടെ ഭാഗമായി വോട്ടർമാർക്ക് നോട്ടീസിനെ തുടർന്ന് രേഖകള്‍ സമർപ്പിക്കാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.
0 Comments