കൊടുവള്ളി:ഓൺലൈൻ ടാക്സി ഡ്രൈവർക്ക് എളേറ്റിൽ വട്ടോളിയിൽ ക്രൂരമർദ്ദനം. പെട്രോൾ പമ്പിന് സമീപമാണ് ഓൺലൈൻ ടാക്സി ഡ്രൈവറായ യുവാവിന് ക്രൂരമർദ്ദനമേറ്റത്. എകരൂൽ വള്ളിയോത്ത് സ്വദേശി മുഹമ്മദ് നജാഹിനാണ് (24) മർദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട് നഗരത്തിൽ നിന്നും ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നജാഹ്, സുഹൃത്തിനെ കാത്തുനിൽക്കാനായി എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിന് പ്രവേശന കവാടത്തിന് സമീപം കാർ നിർത്തിയിട്ടതായിരുന്നു. ഈ സമയം പമ്പിനകത്തു നിന്നും പുറത്തേക്ക് വരികയായിരുന്ന കാറിലെ ഡ്രൈവർ റാഷിദ് എന്നയാൾ അനാവശ്യമായി ഹോൺ മുഴക്കുകയും തുടര്‍ന്ന് നജാഹിനെ മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കാറിന് കടന്നുപോകാൻ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നിട്ടും താൻ വാഹനം പിന്നോട്ട് മാറ്റി നൽകിയിരുന്നതായി നജാഹ് പറഞ്ഞു. എന്നാൽ കാറിൽ നിന്നിറങ്ങി വന്ന റാഷിദ് തട്ടിക്കയറുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അക്രമിയെ മുൻപരിചയമില്ലെന്ന് നജാഹ് വ്യക്തമാക്കി.
0 Comments