താമരശ്ശേരി:പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (Ecologically Sensitive Area) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിൽ കേരളം നൽകിയ അന്തിമ നിർദേശപ്രകാരമുള്ള മേഖലകൾ മാത്രം ഉൾപ്പെടുത്തി ഉചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് CPIM താമരശ്ശേരി ഏരിയ കമ്മിറ്റി അവശ്യപ്പെട്ടു.
പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ ഔദ്യോഗിക നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടും, അത് അവഗണിച്ച് പഴയ വിസ്തൃതി തന്നെ ഉൾപ്പെടുത്തി പുതിയ കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.
ആവാസവ്യവസ്ഥയുടെ സംരക്ഷണം മാത്രമല്ല, മലയോര ജനതയുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, വികസന അഭിലാഷങ്ങൾ എന്നിവ കണക്കിലെടുത്ത്, കേരളം ഉൾപ്പെടെയുള്ള ആറ് പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പരിശോധിച്ചു വരികയാണെന്ന് 2026 ജൂലൈ 23-ന് പാർലമെന്റിൽ മറുപടി പറഞ്ഞ മന്ത്രാലയം,വെറും നാല് ദിവസത്തിന് ശേഷം ജൂലൈ 27ന് പഴയ കണക്കായ 9,993.7 ചതുരശ്ര കിലോമീറ്റർ നിലനിർത്തി പുതിയ കരട് വിജ്ഞാപനം ഇറക്കുകയാണുണ്ടായത്.
താമരശേരി ഏരിയയിലെ മണ്ഡലത്തിലെ പുതുപ്പാടി. കട്ടപ്പാറ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്
പതിറ്റാണ്ടുകളായി കേരളത്തിലെ മലയോര ജനത അനുഭവിക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണം. കർഷകർ, തോട്ടം തൊഴിലാളികൾ, കുടിയേറ്റക്കാർ, ഗോത്രവിഭാഗങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ ജീവനോപാധികളെയും വികസന ആഗ്രഹങ്ങളെയും മാനിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. ഈ വിജ്ഞാപനം നിയമമായാൽ ജനവാസ മേഖലകളിൽ പോലും വീട് ഉൾപ്പെടെയുള്ള കെട്ടിട നിർമ്മാണങ്ങൾ, റോഡ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ, നിലവിലുള്ള കൃഷി രീതികളും, വ്യവസായങ്ങളും അസാധ്യമായി തീരും. ഏഴാം കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ അന്തിമ ശുപാർശ പ്രകാരമുള്ള വിസ്തൃതി മാത്രം ഉൾപ്പെടുത്തി നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും, ഇക്കാര്യത്തിൽ ആവശ്യമായ സമർദ്ദം വിവിധ തലങ്ങളിൽ ഉയർത്തുന്നതിന് സംസ്ഥാന സർക്കാരും, MP, MLA ഉൾപ്പെയുള്ള ജനപ്രതിനിധികൾ തയ്യാറാവണമെന്നും,മലയോര ജനതയുടെ ദീർഘകാലത്തെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും കേന്ദ്ര സർക്കാരിനോട് Cpim താമരശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു..
വിഷയത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി സെപ്ത : 22 ന് രാവിലെ 10 മണിക്ക് താമരശ്ശേരി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു സമരം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം സ: ഇ.പി.ജയരാജൻ ഉദ്: ചെയ്യും
വാർത്താ സമ്മേളനത്തിൽ കെ.ബാബു, ടി.സി. വാസു, എം.ഇ.ജലീൽ , ടി.എ. മൊയ്തീൻ എന്നിവർ സംസാരിച്ചു
0 Comments