അബൂദാബി:മകളെ ആയയെ ഏൽപ്പിച്ചു വിദേശയാത്ര നടത്തിയ അമ്മയ്ക്ക് വൻ പിഴ.പ്രായപൂർത്തിയാകാത്ത മകളെ ആശയുടെ പരിചരണത്തിൽ വിട്ട് എട്ട് ദിവസം വിദേശത്തേക്ക് യാത്ര ചെയ്ത അമ്മയ്ക്കാണ് 20.76 ലക്ഷം രൂപ (80,000 ദിർഹം) പിഴ ചുമത്തിയത്. അബൂദബി സിവിൽ ഫാമിലി കോടതിയാണ് പിഴ ചുമത്തിയത്. അമ്മ നൽകിയ അപ്പീൽ അപ്പീൽ കോടതി തള്ളുകയും പിഴ ശരിവയ്ക്കുകയും ചെയ്തു.
വിവാഹമോചിതരായ മാതാപിതാക്കൾക്ക് കുട്ടിയുടെ സംയുക്ത കസ്റ്റഡി നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു സംഭവം. അമ്മ വിദേശത്തേക്ക് പോകുമ്പോൾ, കുട്ടിയുടെ പിതാവ് യുഎഇയിൽ തന്നെ ഉണ്ടായിരുന്നെന്നും മകളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായിരുന്നെന്നും കോടതിയെ അറിയിച്ചു
എന്നാൽ അമ്മ കുട്ടിയെ ആയയുടെ പരിചരണത്തിൽ വിട്ടാണ് എട്ട് ദിവസത്തേക്ക് വിദേശത്തേക്ക് പോയത്. ഇതിനുപുറമെ, അമ്മയുടെ അഭാവത്തിൽ കുട്ടി ബന്ധമില്ലാത്ത പ്രായപൂർത്തിയായ പുരുഷനോടൊപ്പം ഒരേ മുറിയിൽ കഴിഞ്ഞതായും കോടതി കണ്ടെത്തി.
ഈ കാലയളവിൽ കുട്ടിയെ പൂച്ച മാന്തുകയും തുടർന്ന് റേബീസ് പ്രതിരോധ വാക്സിനേഷൻ ആരംഭിക്കേണ്ടിവരികയും ചെയ്തു.
അബൂദബിയിലെ സംയുക്ത കസ്റ്റഡി നിയമപ്രകാരം കുട്ടിയെ സംബന്ധിച്ച അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഇരുവർക്കും തുല്യമാണ്. 2022ലെ റെസല്യൂഷൻ നമ്പർ 8-ലെ ആർട്ടിക്കിൾ 40 പ്രകാരം സംയുക്ത കസ്റ്റഡി ക്രമീകരണങ്ങൾ പാലിക്കാത്ത രക്ഷിതാവിന് കോടതി സാമ്പത്തിക പിഴ ചുമത്താം.
ഈ കേസിൽ അമ്മ വിദേശത്തേക്ക് പോകുമ്പോൾ ലഭ്യമായിരുന്ന പിതാവിന് കുട്ടിയുടെ സംരക്ഷണം നൽകേണ്ടതായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്. എട്ട് ദിവസത്തേക്ക് പ്രതിദിനം 10,000 ദിർഹം വീതമാണ് പിഴ കണക്കാക്കിയത്. ഇതോടെ ആകെ പിഴ 80,000 ദിർഹമായി.
ഭാവിയിൽ അമ്മ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ പിതാവ് യുഎഇയിൽ ഉണ്ടെങ്കിൽ കുട്ടിയെ അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ ഏൽപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കുട്ടിയെയും കൂട്ടി വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കിൽ പിതാവിന്റെ സമ്മതമോ കോടതി അനുമതിയോ നേടണം.
0 Comments