താമരശ്ശേരി:പൂവില്ലാതെ പൂക്കളമോ,,,,അതേ, ഒരു പൂവ് പോലും ഉപയോഗിക്കാതെ വലിച്ചെറിയുന്ന പഴയ തുണിത്തരങ്ങൾ കൊണ്ട് മനോഹരമായ ഓണപ്പൂക്കളം ഒരുക്കി മാതൃകയായി ഗ്രീൻവേംസ്.
താമരശ്ശേരിയിലെ ഗ്രീൻവേംസ് പ്ലാന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ പൂക്കളം ഒരുക്കിയത്. ഗ്രീൻവേംസിന്റെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്), ടെക്സ്റ്റൈൽ റിക്കവറി ഫെസിലിറ്റി (ടി.ആർ.എഫ്) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പൂക്കളം തയ്യാറാക്കിയത്. പ്ലാന്റ് മാനേജർമാരായ ഷബീദ്, ഷക്കീൽ, ടി.ആർ.എഫ് സൂപ്പർവൈസർ സുനിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ.
സാധാരണ ഒരു പൂക്കളത്തിന് പതിനായിരം രൂപയോളം വിലവരുന്ന പൂക്കൾ വേണ്ടിവരും എന്നിരിക്കെ, വേസ്റ്റിൽ നിന്ന് വിവിധ നിറങ്ങളിലുള്ള തുണിത്തരങ്ങൾ പ്രത്യേകം തരംതിരിച്ചെടുത്ത് ചെറുതായി അരിഞ്ഞ് ആവശ്യമായ രൂപത്തിലും നിറക്കൂട്ടിലും ക്രമീകരിച്ചാണ് ഒരു പൂ പോലും ഇല്ലാതെ ഈ പൂക്കളം ഒരുക്കിയത്.
വലിച്ചെറിയുന്ന വസ്തുക്കളുടെ പരമാവധി പുനരുപയോഗം സാധ്യമാക്കുക എന്ന വ്യക്തമായ സന്ദേശമാണ് ഈ പൂക്കളത്തിലൂടെ ഗ്രീൻവേംസ് മുന്നോട്ടുവയ്ക്കുന്നത്. മാലിന്യം വെറും ഉപേക്ഷിക്കേണ്ട വസ്തുവല്ലെന്നും ശാസ്ത്രീയമായി തരംതിരിച്ചാൽ അതിന് പുതിയ രൂപവും മൂല്യവും കണ്ടെത്താനാകുമെന്നും ഈ സൃഷ്ടി ഓർമ്മപ്പെടുത്തുന്നു.
കഴിഞ്ഞ പത്ത് വർഷമായി മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗ്രീൻവേംസ്. കോഴിക്കോട്, വയനാട് ജില്ലകളിലെ വലിയൊരു വിഭാഗം മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്ന സ്ഥാപനമാണിത്. ഹരിതകർമസേന വഴി ശേഖരിക്കുന്ന ഡ്രൈ വേസ്റ്റുകളിൽ ഉൾപ്പെടുന്ന തുണിത്തരങ്ങൾ ടി.ആർ.എഫ് കേന്ദ്രങ്ങളിലേക്കും മറ്റ് ഡ്രൈ വേസ്റ്റുകൾ എം.ആർ.എഫ് കേന്ദ്രങ്ങളിലേക്കും എത്തിച്ച് തരംതിരിച്ച് റീസൈക്ലിംഗ്, അപ്‌സൈക്ലിംഗ്, ഡൗൺസൈക്ലിംഗ് എന്നിവയ്ക്ക് വിധേയമാക്കി പരമാവധി പുനരുപയോഗം സാധ്യമാക്കുന്നു.
"വേസ്റ്റ് മുതൽ മൂല്യമുള്ള വസ്തുവിലേക്ക്" എന്ന ആശയത്തിന് കൂടുതൽ ദൃശ്യഭംഗി നൽകുന്നതാണ് ഈ പൂവില്ലാ പൂക്കളം.
താമരശ്ശേരി പ്ലാന്റിൽ നടന്ന ഓണാഘോഷ പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ബാബു കുടുക്കിൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ സി.കെ.എ ഷമീർ ബാവ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം അയൂബ് കാറ്റാടി മുഖ്യാതിഥിയായി. സോമിഷ, ഷമീർ, ഷമീം എന്നിവർ സംബന്ധിച്ചു
0 Comments