ഒരാള്‍ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നു സുപ്രീം കോടതി . പൗരത്വത്തില്‍ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
പശ്ചിമ ബംഗാള്‍, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന വോട്ട്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്, ഒരാളുടെ പൗരത്വ പദവി അന്തിമമായി തീരുമാനിക്കാനുള്ള അതോറിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. വോട്ട്പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ട, പൗരത്വത്തില്‍ സംശയമുള്ളവരുടെ പട്ടിക കേന്ദ്ര സർക്കാരിന് കൈമാറാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചത്. പൗരത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ യോഗ്യതയുള്ള അതോറിറ്റി കേന്ദ്ര സർക്കാരാണ്.
വോട്ട്പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുന്നത് കൊണ്ട് മാത്രം ഒരാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകുന്നില്ല. പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയായ പ്രസൻജിത് ബോസ് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശങ്ങള്‍. വോട്ട്പട്ടിക പുതുക്കലിന്റെ ഭാഗമായി പൗരത്വത്തില്‍ സംശയമുണ്ടെന്ന് കാട്ടി പേര് നീക്കം ചെയ്യപ്പെട്ട ആളുകള്‍ക്ക് റേഷൻ ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന് ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.വോട്ട്പട്ടികയില്‍ നിന്ന് പേര് വെട്ടിയത് പൗരത്വം റദ്ദാക്കലായി കണക്കാക്കി ജനങ്ങള്‍ക്ക് അർഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേത്തുടർന്ന് സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. ഹർജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് 25-ലേക്ക് മാറ്റി.
0 Comments