സര്‍ക്കാര്‍ ഹരജിക്കാരുടെ വാദങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി യോജിക്കുന്നതായും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു
കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡില്‍ മുസ് ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സമസ്ത. സര്‍ക്കാര്‍ ഹരജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താര്‍ പന്തല്ലൂര്‍. സംസ്ഥാന വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ക്കിടെയാണ് സര്‍ക്കാരിന്റെ നിലപാടിനെ ചൊല്ലിയുള്ള വിവാദം. കേരള വഖ്ഫ് ബോര്‍ഡില്‍ മുസ് ലിംകള്‍ അല്ലാത്ത രണ്ട് അംഗങ്ങളെയും ശിയാവിഭാഗക്കാരുടെയടക്കം പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്യുന്ന ബിജെപി നേതാക്കളുടേത് ഉള്‍പ്പെടെ നാല് പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
ഹരജിക്കാരുടെ താല്‍പര്യം നിഗൂഢമാണ്. ആരാണ് ഹരജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഈ ഹരജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വഖഫ് ബോര്‍ഡില്‍ മുസ് ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ബിജെപി താല്‍പര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, വഖഫ് ബോര്‍ഡ് വിഷയത്തില്‍ ബിജെപി നേതാവിന്റെ ഹരജിയെ പിന്തുണച്ച മുസ് ലിം ലീഗ് സമുദായത്തോട് കടുത്ത വഞ്ചനയാണ് ചെയ്തതെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ പറഞ്ഞു. 'ലീഗിനെ സംബന്ധിച്ചിടത്തോളം അവര്‍ മുസ് ലിം സമുദായത്തോട് കടുത്ത വഞ്ചനയാണ് ഇക്കാര്യത്തില്‍ ചെയ്തത്. ഇത്രയും വലിയ വഞ്ചകരെ ഇനി കാണാനുണ്ടോ?. ഇതേ സുപ്രിംകോടതി രണ്ട് നോണ്‍ മുസ് ലിംകളെ അപ്പോയ്മെന്റ് ചെയ്യുന്നതിനെതിരേ കേസ് ഫയല്‍ ചെയ്യുകയും ആ കേസ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ആ സമയത്താണ് രണ്ട് നോണ്‍ മുസ് ലിംകളെ അപ്പോയ്മെന്റ് ചെയ്തിട്ടില്ലാത്ത കാരണം കൊണ്ട് ബോര്‍ഡ് പിരിച്ചു വിടണമെന്ന ബിജെപി നേതാവിന്റെ റിട്ടില്‍ ലീഗ് അടക്കം നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് നേരിട്ട് കോടതിയില്‍ പോയി അതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്'. കെ എസ് ഹംസ പറഞ്ഞു
നിയോഗിച്ച, കാലവധിയുള്ള വഖ്ഫ് ബോര്‍ഡിനെ പിരിച്ചുവിടുന്നത ടക്കമുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്ത് നടത്തിയിരുന്നു. ഓര്‍ഡിനന്‍സിലൂടെ പുറത്താക്കി പുനഃസംഘടിപ്പിക്കാമെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ കേസ് എത്തുന്നതും സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി അജന്‍ഡ ഒളിച്ചു കടത്തിയതും.
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട ആളുകളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് മുസ് ലിം ഇതര അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചത് എന്നായിരുന്നു ഷോണ്‍ ജോര്‍ജ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. 2025ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ഒന്‍പത് പേരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ എല്ലാവരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വാദിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഷോണ്‍ ജോര്‍ജ് ഉന്നയിച്ച വാദങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
അതേസമയം, നിലവിലത്തെ ബോര്‍ഡിനെ ഏതുവിധേനയും തകര്‍ക്കുക എന്ന ലക്ഷ്യംവച്ച് ചില പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതിയില്‍ എത്തിയത് സര്‍ക്കാരിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നെന്നും സൂചനയുണ്ട്. നേരത്തെ സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ഘടന നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അഷര്‍ പി വി നല്‍കിയ ഹരജി ജസ്റ്റിസുമാരായ അനില്‍ കെ നാഗേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. ഇതേ സ്വഭാവമുള്ള ചില പൊതുതാല്‍പര്യ ഹരജികളും കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. മുനമ്പം വിഷയത്തില്‍ ബോര്‍ഡ് എടുത്ത തീരുമാനത്തിനെതിരേ നേരത്തെ സര്‍ക്കാര്‍ ഉന്നതന്‍ പരോക്ഷമായി രംഗത്തെത്തിയതും വഖ്ഫ് ബോര്‍ഡിനെ ഏതുവിധേനയും ഇല്ലാതാക്കുക എന്ന ലക്ഷ്യംവച്ചായിരുന്നു. വിധി വന്നതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി വകുപ്പ് മന്ത്രി നേരത്തെ തീരുമാനിച്ച സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു, കേന്ദ്ര അജന്‍ഡ നടപ്പിലാ ക്കുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ വഖ്ഫ് ബോര്‍ഡിനെയും കേന്ദ്ര കൂടാരത്തില്‍ തളച്ചിടാനാണ് നീക്കമെന്നും സമസ്ത മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
സര്‍ക്കാരും ബിജെപിയും മുസ് ലിം ലീഗും ഒത്തുകളിച്ചാണ് ഇങ്ങനെയൊരു നിലപാട് കോടതിയില്‍ സ്വീകരിച്ചത്. മുസ് ലിം ലീഗ് സമുദായ താല്‍പര്യം അവഗണിച്ചുകൊണ്ട് ബിജെപിയുടേയും മുഖ്യമന്ത്രി വി ഡി സതീശന്റേയും താല്‍പര്യങ്ങള്‍ക്ക് നിലകൊള്ളുകയായിരുന്നുവെന്ന ആക്ഷേപവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
0 Comments