വോട്ടർ പട്ടിക പരിഷ്കരണം എങ്ങനെ ജനവിധിയിൽ പ്രതിഫലിക്കുമെന്നതും,അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഇനിയും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടില്ല എന്നതും മുന്നണികളുടെ നെഞ്ചിടിപ്പിൽ കേരളം ആരു ഭരിക്കുമെന്നറിയാൻ ഇനി ഒരു ദിനം മാത്രം.
ഭരണത്തുടർച്ചയോ അതോ തിരുത്തോ എന്ന് സംസ്ഥാനം ഉറ്റുനോക്കുന്ന വിധിദിനം തിങ്കളാഴ്ച. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്‍റെ സ്വപ്നത്തിനും അധികാരം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്‍റെ പോരാട്ടത്തിനും അക്കൗണ്ട് തുറക്കാനുള്ള എൻ.ഡി.എ തന്ത്രങ്ങൾക്കും ജനം എങ്ങനെ മാർക്കിട്ടെന്ന് നാളെ അറിയാം.
കൂട്ടിക്കിഴിക്കലുകളുടെയും തലനാരിഴ കീറിയുള്ള പരിശോധനകളുടെയും ആത്മവിശ്വാസം ഒരുഭാഗത്തുണ്ടെങ്കിലും വിധിദിനം പടിവാതിൽക്കലെത്തിയതിന്‍റെ അങ്കലാപ്പിലും ആശങ്കയിലുമാണ് രാഷ്ട്രീയ ക്യാമ്പുകളളെല്ലാം. എക്സിറ്റ് പോളുകൾ എതിരാണെങ്കിലും വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും മുൻനിർത്തി ഭരണത്തുടർച്ച പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അതേസമയം, തൃക്കാക്കര മുതൽ തദ്ദേശം വരെ നീളുന്ന തങ്ങളുടെ വിജയത്തിന് സംസ്ഥാന ഭരണത്തിലൂടെ തുടർച്ച പ്രതീക്ഷിക്കുന്ന യു.ഡി.എഫ് ക്യാമ്പിന് എക്സിറ്റ് പോളുകളിലെ അനുകൂല ഫലം കൂടിയായതോടെ ആത്മവിശ്വാസം ഇരട്ടിയായി. സർക്കാർ രൂപവത്കരണ ചർച്ചകൾ വരെ ഉയരാൻ കാരണവുമിതാണ്. സർക്കാർ വിരുദ്ധ വികാരവും ഭരണമാറ്റത്തിനായുള്ള ജനാഗ്രഹവും തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്"
". വിജയപ്രതീക്ഷയിൽ ഒട്ടും പിന്നിലല്ലെന്ന് മുന്നണികൾ അവകാശപ്പെടുമ്പോഴും വലിയ ആശങ്കയാണ് ഇരു കൂട്ടർക്കും.തലനാരിഴ കീറിയുള്ള രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾക്കപ്പുറമാണ് ജനവിധിയെന്നതാണ് ഈ നെഞ്ചിടിപ്പിന് കാരണം. നിശബ്ദ വോട്ടുകൾ ആരെ തുണക്കുമെന്നത് പ്രവചനാതീതം. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഏറ്റവും ഒടുവിൽ 79.63 ശതമാനമെന്ന ഏകദേശ കണക്കാണ് കമീഷൻ നൽകിയത്.ഇത് എത്രമാത്രം വിശ്വസനീയമായ കണക്ക് ആണെന്ന് ആർക്കും വ്യക്തതയില്ല താനും