ചിന്ദ്വാര: (മധ്യപ്രദേശ് )വിവാഹ മണ്ഡപത്തിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന വധു, പെട്ടെന്ന് താഴേക്ക് ചാടി സദസിലുണ്ടായിരുന്ന കാമുകന്റെ കഴുത്തിൽ മാല ചാർത്തി. സംഭവം കണ്ട് നിന്ന വരനടക്കം ഞെട്ടിത്തരിച്ചു പോയി.
മുജാവർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം. മണ്ഡപത്തിൽ വധുവും വരനും പരസ്പരം മാല ചാർത്താനായി നിൽക്കുകയായിരുന്നു. എന്നാൽ മാല ചാർത്താൻ മടിച്ചുനിന്ന യുവതിയോട് ബന്ധുക്കൾ നിർബന്ധിച്ചതോടെ യുവതി മണ്ഡപത്തിൽ നിന്ന് താഴേക്ക് ചാടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. എന്നാല്‍ വരനെ സാക്ഷിയാക്കി സദസിലുണ്ടായിരുന്ന കാമുകന്റെ അടുത്തേക്ക് ഓടിയെത്തിയ യുവതി മാല അയാളുടെ കഴുത്തിൽ ചാർത്തുകയായിരുന്നു.
യുവതി തന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും അവർ അത് അത്ര കാര്യമായി എടുക്കുന്നില്ല.വീട്ടുകാർ നിർബന്ധപൂർവം നടത്തിയ വിവാഹമായിരുന്നു ഇതെന്നാണ് പുറത്ത് വരുന്ന വിവരം. അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയുംവിവാഹസംഘത്തോടൊപ്പം മടങ്ങിപ്പോകുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വധുവിന്റെ കാമുകനെ അവിടെയുണ്ടായിരുന്ന ആളുകൾ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. വിഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. വധുവിന്റെ ധീരമായ നടപടിയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയപ്പോൾ, ഇത്രയും വലിയ അപമാനത്തിലേക്ക് വരനെ തള്ളിവിടാതെ നേരത്തെ തന്നെ ഇക്കാര്യം തുറന്നുപറയണമായിരുന്നു എന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്.