LATEST

6/recent/ticker-posts

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര; വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്

തിരുവനന്തപുരം:കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റില്‍ ചേർന്നാദ്യ മന്ത്രി സഭാ യോഗത്തിൽ ആണ് ഈ തീരുമാനം.



അടുത്ത മാസം, അതായത് ജൂണ്‍ 15 മുതല്‍ ഈ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും. പദ്ധതിയുടെ വിശദമായ രൂപരേഖയും മാനദണ്ഡങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധാരണക്കാരായ സ്ത്രീകള്‍ക്കും ജോലിക്ക് പോകുന്നവർക്കും വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്.

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്

രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ വി ഡി സതീശൻ സർക്കാർ തീരുമാനിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ വകുപ്പിൻ്റെ ലക്ഷ്യം. ജപ്പാനിലെ വയോജന ക്ഷേമ മാതൃകകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും പദ്ധതികള്‍ക്ക് രൂപം നല്‍കുക. ഒരു സമൂഹം എത്രത്തോളം പരിഷ്കൃതമാണെന്ന് അളക്കുന്നത് ആ സമൂഹം മുതിർന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെറുമൊരു ഔദ്യോഗിക വകുപ്പ് എന്നതിനപ്പുറം വയോജനങ്ങളെ ചേർത്തുപിടിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഇതിലൂടെ നടപ്പിലാക്കും.

ഇന്ദിര ഗ്യാരണ്ടികള്‍ പടിപടിയായി

ബാക്കിയുള്ള വാഗ്ദാനങ്ങളും പടിപടിയായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ വിശദമായ പഠനം നടത്തി രണ്ട് മാസത്തിനുള്ളില്‍ പൂർത്തിയാക്കും. പുതിയ സർക്കാരിൻ്റെ ഈ ജനകീയ പ്രഖ്യാപനങ്ങളെ രാഷ്ട്രീയ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയ ദേശീയ നേതാക്കളും സർക്കാരിൻ്റെ ആദ്യ നടപടികളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.