അറുക്കാൻ വാഹനത്തില്‍ കൊണ്ടുവന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ.
പശ്ചിമ ബംഗാളില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ രേഖ പത്രയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. ശനിയാഴ്ച കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരു്നനു. ഹിംഗല്‍ഗഞ്ച് എംഎല്‍എയായ രേഖ പത്ര ഹിംഗല്‍ഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞത്. തുടർന്ന് അവർ കന്നുകാലികളെ ഇറക്കി, അവയ്ക്ക് പുല്ലും വെള്ളവും നല്‍കി റോഡരികിലെ മരത്തില്‍ കെട്ടിയിട്ടു.
കൂടാതെ മുഖ്യമന്ത്രി സുവേന്ദു അധികാരി അനധികൃത കന്നുകാലി വ്യാപാരികള്‍ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രേഖ പത്ര പറഞ്ഞു. 14 വയസില്‍ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയതായും അവർ കൂട്ടിച്ചേർത്തു.
"ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസില്‍ താഴെയുള്ള പശുക്കളെ അറുക്കുന്നതിന് കർശനമായ വിലക്കുണ്ട്. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാല്‍ അവരെ പിടികൂടുകയും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകള്‍ കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കില്‍ നിയമപരമായ തുടർനടപടികള്‍ സ്വീകരിക്കും," അവർ പറഞ്ഞു. അതേസമയം ഇതിനോട് പ്രതികരിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കള്‍ക്ക് നല്‍കിയ ജനന സർട്ടിഫിക്കറ്റ് എംഎല്‍എയ്ക്ക് കാണിക്കാനാവുമോ എന്ന് തൃണമൂല്‍ പരിഹസിച്ച് ചോദിച്ചു.