വിശുദ്ധ റമദാന്‍ മാസം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ വേളയിൽ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യ മാസത്തേ കുറിച്ച് നമുക്ക് ഒന്ന് നോക്കിയാലോ?
ഈ വർഷത്തെ ആദ്യ നോമ്പ് ചന്ദ്രപ്പിറവി കാണുന്നതനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ചയോ അല്ലെങ്കില്‍ ഫെബ്രുവരി 19 വ്യാഴാഴ്ചയോ ആരംഭിക്കും. ചന്ദ്രന്റെ വിവിധ ഘട്ടങ്ങള്‍ കണക്കാക്കാന്‍ ചില രാജ്യങ്ങള്‍ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ ആശ്രയിക്കുമ്പോള്‍, മറ്റു ചിലര്‍ പ്രാദേശികമായ കാഴ്ചയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്
ഇസ്ലാമിക ചാന്ദ്ര കലണ്ടര്‍ പ്രകാരമാണ് റമദാന്‍ നിശ്ചയിക്കുന്നത്. സൗദി അറേബ്യയുള്‍പ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ചന്ദ്രപ്പിറവി ദര്‍ശിച്ചവരുടെ സാക്ഷ്യപത്രങ്ങളെ അടിസ്ഥാനമാക്കിയാണ് മാസാരംഭം പ്രഖ്യാപിക്കുന്നത്.
റമദാൻ മാസം എങ്ങനെയാണ് ദർശിക്കുന്നത്?
സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുമ്പോഴാണ് ചന്ദ്രപ്പിറവി ദൃശ്യമാകുന്നത്. ഹിജ്രി കലണ്ടറിലെ ശഅ്ബാൻ മാസം 29-ന് (ഫെബ്രുവരി 17) സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ ചന്ദ്രക്കലയ്ക്കായി നിരീക്ഷകർ കാത്തിരിക്കുന്നു. ചന്ദ്രനെ കണ്ടാൽ അടുത്ത ദിവസം (ഫെബ്രുവരി 18) റമദാൻ ഒന്നായിരിക്കും. കണ്ടില്ലെങ്കിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19-ന് റമദാൻ ആരംഭിക്കും.
ചന്ദ്രനെ കാണാൻ ജ്യോതിശാസ്ത്രജ്ഞർ ശ്രദ്ധിക്കുന്ന മൂന്ന് കാര്യങ്ങൾ
1. ഇലോംഗേഷൻ (Elongation): ചന്ദ്രനും സൂര്യനും തമ്മിലുള്ള അകലം. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ ഇത് 10-12 ഡിഗ്രി അകലത്തിലായിരിക്കണം.
2. ആൾട്ടിറ്റിയൂഡ് (Altitude): സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ എത്ര ഉയരത്തിലാണെന്നത്. 10 ഡിഗ്രി ഉയരമുണ്ടെങ്കിൽ വ്യക്തമായി കാണാൻ സാധിക്കും.
3. ലാഗ് ടൈം (Lag time): സൂര്യൻ അസ്‌തമിച്ചതിന് ശേഷം ചന്ദ്രൻ അസ്തമിക്കുന്നതുവരെയുള്ള സമയം. ആകാശം ഇരുണ്ട് ചന്ദ്രനെ കാണാൻ കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വേണം.
വിവിധ രാജ്യങ്ങളിൽ റമദാൻ എന്ന് തുടങ്ങും?
ബ്രിട്ടനിലെ നോട്ടിക്കൽ അൽമാനക് ഓഫീസിന്റെ കണക്കനുസരിച്ച്, ഫെബ്രുവരി 17-ന് മക്കയിൽ ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യത കുറവാണ്. അതിനാൽ മിക്ക രാജ്യങ്ങളിലും ഫെബ്രുവരി 19 വ്യാഴാഴ്‌ചയായിരിക്കും റമദാൻ ആരംഭിക്കാൻ സാധ്യത.
വടക്കേ അമേരിക്ക: ഫിഖ്ഹ് കൗൺസിൽ ഓഫ്
നോർത്ത് അമേരിക്കയുടെ (FCNA) കണക്കുകൂട്ടൽ പ്രകാരം ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കും.
യൂറോപ്പ്: യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് (ECFR) ഫെബ്രുവരി 19 വ്യാഴാഴ്ച ആദ്യ നോമ്പായി പ്രഖ്യാപിച്ചു. തുർക്കിയും ഇതേ ദിവസം തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള
രാജ്യങ്ങൾ ഫെബ്രുവരി 17 ചൊവ്വാഴ്ച രാത്രിയോടെ അന്തിമ തീരുമാനം അറിയിക്കും. എങ്കിലും വ്യാഴാഴ്‌ച തുടങ്ങാനാണ് സാധ്യത കൂടുതൽ.
ഏഷ്യ: ഇന്ത്യ, പാകിസ്ഥാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ആഫ്രിക്കയും ഓഷ്യാനിയയും: ഓസ്ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിൽ ഉൾപ്പെടെയുള്ളവർ ഫെബ്രുവരി 19-നാണ് റമദാൻ ആരംഭിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് റമദാൻ പവിത്രമായിരിക്കുന്നത്?
ഏകദേശം 1,450 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസമാണിതെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഈ മാസത്തിൽ മുസ്ലീങ്ങൾ പുലർച്ചെ (ഫജ്ർ) മുതൽ സൂര്യാസ്തമയം (മഗ്രിബ്) വരെ ഉപവസിക്കുന്നു.
ഭക്ഷണം, പാനീയം, പുകവലി, ലൈംഗിക ബന്ധം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ദൈവബോധം (തഖ്വ) വർദ്ധിപ്പിക്കുകയാണ് നോമ്പിന്റെ ലക്ഷ്യം. ഇസ്ലാമിലെ അഞ്ച് തൂണുകളിൽ ഒന്നാണ് നോമ്പ്. വിശ്വാസ പ്രഖ്യാപനം, ദിനചര്യ പ്രാർത്ഥനകൾ, സകാത്ത് (ദാനം), ഹജ്ജ് കർമ്മം എന്നിവയാണ് മറ്റുള്ളവ. മിക്ക മുസ്ലീം രാജ്യങ്ങളിലും ഈ മാസത്തിൽ ജോലി സമയം കുറയ്ക്കുകയും പകൽ സമയത്ത് ഹോട്ടലുകൾ അടച്ചിടുകയും ചെയ്യാറുണ്ട്.
റമദാൻ ആശംസകൾ
വിവിധ ഭാഷകളിൽ റമദാൻ ആശംസകൾ നേരാറുണ്ട്. അനുഗൃഹീതമായ മാസം എന്ന് അർത്ഥം വരുന്ന 'റമദാൻ മുബാറക്', 'റമദാൻ കരീം' എന്നിവയാണ് ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആശംസകൾ.