Sunday, August 3, 2025

ഭര്‍ത്താവിന്റെ രണ്ടരക്കോടി തട്ടിയെടുത്ത് മുങ്ങിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

കൊച്ചി: ഭര്‍ത്താവിന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഭാര്യയേയും സംഘത്തെയും പോലിസ് പിടികൂടിയത്. യുവതിയെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടില്‍ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വിമന്‍ ഷെല്‍ട്ടറിലാക്കി. തിരോധാനം അന്വേഷിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ യുവതിയെ ഇന്ന് ഹാജരാക്കും.

വിവാഹമോചിതര്‍ക്കു വേണ്ടിയുള്ള മാട്രിമോണിയല്‍ സൈറ്റ് മുഖേനയാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ജൂനിയര്‍ എന്‍ജിനീയര്‍ ഗ്വാളിയോര്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. സുഹൃത്തുക്കളെ കാണാനെന്ന പേരില്‍ അടിക്കടി കേരളത്തില്‍ വന്നിരുന്ന യുവതി കുടുംബസുഹൃത്തായ തൃശൂര്‍ സ്വദേശി ജോസഫ് സ്റ്റീവന്റെ വീട്ടില്‍ തങ്ങുന്നു എന്നാണു ഭര്‍ത്താവിനോടു പറഞ്ഞത്. ജനുവരി ഒന്നിന് കേരളത്തിലേക്കു വന്ന യുവതിയെ ഏപ്രിലില്‍ കൊച്ചിയിലെ മാളിലാണ് ഭര്‍ത്താവ് അവസാനം കണ്ടത്. മേയ് വരെ ഇരുവരും വാട്‌സാപ്പില്‍ ചാറ്റ് ചെയ്തിരുന്നു. എന്നാല്‍, ജൂണ്‍ 4ന് അഭിഭാഷകനായ ജി എം റാവു എന്നയാള്‍ ഭാര്യ മരിച്ചെന്ന സന്ദേശവും കല്ലറയുടെ ചിത്രങ്ങളും വാട്‌സാപ്പില്‍ അയച്ചു. തുടര്‍ന്നു കന്യാസ്ത്രീയെന്നു പരിചയപ്പെടുത്തി സോഫിയ എന്ന സ്ത്രീയും ഇതേ സന്ദേശം അയച്ചു. 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു. പരാതിയിലെ ഈ വിവരങ്ങളിലൂന്നിയാണു പോലിസ് അന്വേഷണം ആരംഭിച്ചത്.

ജോസഫ് സ്റ്റീവന്‍ എന്ന ഒരാള്‍ ഇല്ലെന്ന് അന്വേഷണത്തിന്റെ തുടക്കത്തിലേ വ്യക്തമായി. പരാതിക്കാരനു സന്ദേശം വന്ന വാട്‌സാപ് നമ്പര്‍ തൃശൂര്‍ സ്വദേശി ലെനിന്‍ തമ്പിയുടേതാണെന്നും തിരിച്ചറിഞ്ഞു. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ജോസഫും ജി എം റാവുവും ലെനിന്‍ തന്നെയാണെന്നു വ്യക്തമായി. യുവതിയുടെ വിവരങ്ങളും ലഭിച്ചു. സിസ്റ്റര്‍ സോഫിയ എന്ന പേരില്‍ പരാതിക്കാരനെ വിളിച്ചതും ചിത്രങ്ങള്‍ അയച്ചതും യുവതി തന്നെയെന്നും പനമ്പിള്ളിനഗറില്‍ ഇവര്‍ നടത്തുന്ന ഫാഷന്‍ സ്ഥാപനത്തിലോ വൈറ്റിലയിലെ ഫ്‌ലാറ്റിലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ലെനിന്‍ പറഞ്ഞു. എന്നാല്‍ ഈ രണ്ടിടത്തും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചു. സെന്‍ട്രല്‍ സ്‌റ്റേഷനു 400 മീറ്റര്‍ അടുത്ത് യുവതി ഉണ്ടെന്നായിരുന്നു വിവരം. പരിശോധനയില്‍ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്നു രണ്ടു യുവാക്കള്‍ക്കൊപ്പം യുവതിയെ പിടികൂടി. ലെനിന്‍ തമ്പിയെ പോലിസ് പിടികൂടി എന്ന വിവരമറിഞ്ഞു നിരീക്ഷണത്തിനായി സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതായിരുന്നു ഇവര്‍.

No comments:

Post a Comment

നാളെ ചുരം യാത്ര അനുവദിക്കില്ല

താമരശേരി: ഇന്നലെ വൈകുന്നേരം ഏഴോടെ ചുരം വ്യൂ പോയിന്റിന് സമീപം കൂറ്റൻ പാറകളും, മണ്ണും, മരവും കടപുഴകി റോഡിലേക്ക് പതിച്ചത് കാരണം താമരശേരി ചുരം വ...