പൂനൂർ : കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും അവർക്ക് തങ്ങളുടെ കഴിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുമുള്ള മികച്ച അവസരമാണ് മദ്‌റസകളിൽ സംഘടിപ്പിക്കുന്ന സർഗവസന്തം പ്രോഗ്രാമുകളെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് പറഞ്ഞു.
വിദ്യാഭ്യാസം എന്നത് കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ പകർന്നുനൽകുന്നതിൽ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല. മറിച്ച്, കുട്ടികളുടെ ചിന്താശേഷി, ഭാവന, ആശയവിനിമയ മികവ്, സർഗാത്മകത, നേതൃപാടവം, സാമൂഹികബോധം, ധാർമിക മൂല്യങ്ങൾ എന്നിവയെല്ലാം വളർത്തിയെടുക്കുന്ന സമഗ്രമായ പ്രക്രിയയാണ് യഥാർഥ വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
പൂനൂർ ബ്രീസ് ലാൻ്റ് റിസോർട്ടിൽ ബാലുശ്ശേരി കോംപ്ലക്സ് മദ്‌റസ സർഗവസന്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം കുട്ടികളിലെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തി അവയ്ക്ക് ശരിയായ ദിശാബോധം നൽകാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് സംസം അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം മുഖ്യാഥിതിയായിരുന്നു. ബ്രീസ്‌ലാൻ്റ് മാനേജിംഗ് ഡയറക്ടർ എം.എ ബഷീർ, വിസ്‌ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ അബ്ദുൽ നാസർ മദനി, വിസ്‌ഡം മണ്ഡലം സെക്രട്ടറി വി.കെ സുബൈർ, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് വി.കെ മുജീബ്, വിസ്‌ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി സി. പി അബ്ദുല്ല അമീൻ, യൂനിറ്റ് സെക്രട്ടറി വി.കെ അബ്ബാസലി, പി.സി അബ്ദുൽ ബാരി, പി.ടി മുഹമ്മദ് ശിഹാബ്, കെ ആദിൽ അമീൻ, എം.കെ സൈനുൽ ആബിദ്, സി.പി അസ്‌ലം എന്നിവർ പ്രസംഗിച്ചു.
0 Comments