ഭോപ്പാല്‍: സൂര്യനും ചന്ദ്രനും തങ്ങളുടേതാണെന്നും ഇനി മുസ്ലിംകള് പെരുന്നാള്‍ ആഘോഷിക്കാൻ പോലും അനുവാദം ചോദിക്കേണ്ടി വരുമെന്നുംമധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വർ ശർമ.
ഈദ് ആഘോഷവുമായി ബന്ധപ്പെട്ടാണ് വിവാദ പരാമർശം.
പ്രസ്താവന സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഹുസൂർ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാമേശ്വർ ശർമ.
'ചന്ദ്രൻ ആരുടെ ശിരസിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയൂ? നിങ്ങള്‍ ചന്ദ്രനെ ആദരിക്കുന്നുണ്ടെങ്കില്‍ അതിനെ ആരാധിച്ചോളൂ. ഭഗവാൻ ശങ്കരന്റെ ചിത്രം സ്ഥാപിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ആരാധിക്കൂ. ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ 'സനാതന ചന്ദ്രനെ' നോക്കിയാണല്ലോ നിങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. അതിനാല്‍, ഈദ് ആഘോഷിച്ചോളൂ, പക്ഷേ ആ 'സനാതന ചന്ദ്രനെ' നോക്കി സനാതന ധർമത്തിന്റെ മഹത്വം പാടുകയും ചെയ്യൂ. നിങ്ങള്‍ ഭഗവാൻ ശങ്കരനെ അംഗീകരിക്കുന്നില്ലെങ്കില്‍-അദ്ദേഹം ഒരു ഗുഹയിലേക്ക് പോയി മറഞ്ഞാലോ?-ചന്ദ്രനെ പിന്നെ കാണാൻ കഴിയില്ല. ചന്ദ്രനെ കാണാൻ കഴിയില്ലെങ്കില്‍ ഈദ് എങ്ങനെ ആഘോഷിക്കും? അതുകൊണ്ടാണ് ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയില്‍ വിശ്രമിക്കുന്നത്. അത് അദ്ദേഹത്തിന്റെ നെറ്റിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ചന്ദ്രൻ ഭഗവാൻ ശങ്കരന്റേതാണ്. സൂര്യനും ഞങ്ങളുടേതാണ്. പിന്നെ എന്തുകൊണ്ട് അതിനെ ആരാധിച്ചുകൂടാ? നിങ്ങള്‍ സൂര്യനെ അധിക്ഷേപിക്കുന്നു, എന്നാല്‍ ചന്ദ്രനെ നോക്കിയാണ് ഈദ് ആഘോഷിക്കുന്നത്. ഈ ഭൂമിയില്‍ ചന്ദ്രനും സൂര്യനും ഉദിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം സനാതന ധർമം നിലനില്ക്കും''- രാമേശ്വർ ശർമ പറഞ്ഞു.
എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനമുയർന്നപ്പോള്‍ ചിലർ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി എംഎല്‍എ വിദ്വേഷമാണ് പ്രചരിപ്പിക്കുന്നതെന്ന് ഇസ്ലാമിക പണ്ഡിതൻ തൗഖീർ നിസാമി കുറ്റപ്പെടുത്തി. രാമേശ്വർ ശർമ വെറുപ്പ് പടർത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും ഭൂമിയെയും പ്രകൃതിയിലെ സകല കണികകളെയും നിറങ്ങളെയും വരെ നിങ്ങള്‍ വിഭജിക്കാൻ ശ്രമിക്കുകയാണ്. ഇതെല്ലാം അല്ലാഹു എല്ലാവർക്കുമായാണ് സൃഷ്ടിച്ചിട്ടുള്ളത്. മനസില്‍ നിന്ന് വിദ്വേഷം മാറ്റിവെക്കണം. ഇത്തരം ഭാഷ മധ്യപ്രദേശില്‍ അംഗീകരിക്കാനാകില്ലെന്നും തൗഖീർ നിസാമി വ്യക്തമാക്കി.
മൂന്ന് തവണ ബിജെപി എംഎല്‍എയായ ഒരാളില്‍നിന്ന് ഒരു നിശ്ചിത നിലവാരത്തിലുള്ള പക്വത പ്രതീക്ഷിക്കുന്നുണ്ടെന്ന് മുസ്ലിം നേതാവായ ഹഫീസ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ബാലിശമോ വിഡ്ഢിത്തമോ ആയ പരാമർശങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന് യോജിച്ചതല്ല. സ്വന്തം പാർട്ടി പോലും ഇത്തരം പ്രസ്താവനകളില്‍നിന്ന് അകലം പാലിക്കാൻ സാധ്യതയുണ്ട്. ഈദ് ആഘോഷിക്കാൻ ഇനി മുസ്ലിംകള് ബിജെപി എംഎല്‍എ രാമേശ്വർ ശർമയുടെയോ ബിജെപി സർക്കാരിന്റെയോ അനുമതി തേടേണ്ടതുണ്ടോയെന്നും ഹഫീസ് ചോദിച്ചു.ചന്ദ്രന്റെ മേലുള്ള ശർമയുടെ അവകാശവാദത്തെയും ഹഫീസ് ചോദ്യം ചെയ്തു. ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ബിജെപി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചന്ദ്രന്റെ മേല്‍ ഏതെങ്കിലും തരത്തിലുള്ള അധികാരം അവകാശപ്പെടുകയാണെങ്കില്‍, അദ്ദേഹത്തിന് മാനസികാരോഗ്യ പരിശോധന ആവശ്യമാണെന്നാണ് ഞാൻ കരുതുന്നത്. ബിജെപി മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കുകയും എംഎല്‍എമാരെ നിയന്ത്രിക്കുകയും വേണം. അവർ നടത്തുന്ന അസംബന്ധ പ്രസ്താവനകള്‍ ചിരിപ്പിക്കുന്നതാണ്, ശരിക്കും പരിഹാസ്യമാണ്. എന്തുതരം പരാമർശങ്ങളാണിത്? നിങ്ങളുടെ യുക്തിബോധം എവിടെപ്പോയി? രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം ഇത്രത്തോളം താഴ്ന്നത് എങ്ങനെയാണ്?''- ഹഫീസ് പറഞ്ഞു
0 Comments