ഓൺലൈനിൽ പലതരത്തിലുള്ള പഠനവും നാം കേൾക്കാറുണ്ട്,എന്നാൽ മോഷണം നടത്തുന്നത് ആദ്യമായാണ് പലരും കേട്ടിട്ടുണ്ടാവുക,മോഷണം പഠിക്കാൻ ഓൺലൈൻ ഉപയോഗിച്ചു യുവതി, പഠിച്ചത് ശരിക്കും പ്രയോജനപ്പെടുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച യാവുന്നത്.ഹൈദരാബാദിലാണ് യുവതി യുടെ തൊഴിലിടം.ഇവിടെ അഞ്ച് വീടുകളിൽ കവർച്ച നടത്തിയെന്ന കേസിൽ 25കാരിയായ യുവതി അറസ്റ്റിലായത്. പാഗ ജയ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വീടുകളുടെ പൂട്ടുകൾ മുറിക്കുന്നതിനായി പ്രത്യേക യന്ത്രം വരെ കരുതിയായിരുന്നു യുവതിയുടെ മോഷണം. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, ഐഫോൺ 17 എന്നിവയാണ് യുവതിയിൽ നിന്ന് കണ്ടെടുത്തത്."
വീട്ടുകാർ പുറത്തുപോകുന്ന വീടുകൾ കണ്ടെത്തി ആസൂത്രിതമായാണ് യുവതി മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബാക്ക്പാക്കിൽ ഹാൻഡ് കട്ടിങ് മെഷീൻ കരുതിയാണ് വീടുകളിലെത്തിയിരുന്നത്. പ്രധാന വാതിലുകളുടെയും അലമാരകളുടെയും പൂട്ടുകൾ മുറിച്ച് അകത്തുകയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു രീതി.തിരിച്ചറിയാതിരിക്കാൻ ബുർഖയും കയ്യുറകളും മറ്റ് വസ്ത്രങ്ങളും ധരിച്ചിരുന്നു. മോഷണത്തിനുള്ള വിദ്യകൾ ഓൺലൈൻ വീഡിയോകളിലൂടെയാണ് പഠിച്ചതെന്നും പൊലീസ് കണ്ടെത്തി."ഉപ്പലിലെ ന്യൂ ഭാരത് നഗർ കോളനിയിൽ താമസിക്കുന്ന 55കാരനായ ഗംഗം ഭാസ്കർ റെഡ്ഡിയുടെ വീട്ടിലെ മോഷണം ആണ് യുവതി യുടെ അറസ്റ്റിലേക്ക് നയിച്ചത്. ഒക്ടോബർ 26-ന് ഭാസ്കർ റെഡ്ഡിയും കുടുംബവും വീട് പൂട്ടി കൊമുരവെല്ലിയിലെ ശ്രീ മല്ലന്ന സ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ അവസരം മുതലെടുത്ത യുവതി വീട്ടിലെത്തുകയും വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറുകയും ചെയ്തു.
മാസ്റ്റർ ബെഡ്റൂമിലെയും കുട്ടികളുടെ മുറിയിലെയും അലമാരകൾ തുറന്ന് സ്വർണാഭരണങ്ങളും വെള്ളി സാധനങ്ങളും പണവും മോഷ്ടിച്ചു. ഒക്ടോബർ 27ന് വീട്ടിലെത്തിയ ജോലിക്കാരിയാണ് പൂട്ടുകൾ തകർന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു"
പരാതി ലഭിച്ചതോടെ ഉപ്പൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കറുത്ത ബുർഖയും കയ്യുറകളും ധരിച്ച് ഇളം നീല നിറത്തിലുള്ള ബാഗുമായി നടക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും നിരീക്ഷണവും അടിസ്ഥാനമാക്കി പ്രതിയെ തിരിച്ചറിഞ്ഞു. ഒക്ടോബർ 31ന് രാവിലെ എട്ടുമണിയോടെ ഉപ്പൽ എക്സ് റോഡിന് സമീപമുള്ള എൽ.ബി നഗർ റൂട്ട് ബസ് സ്റ്റോപ്പിൽ നിന്നാണ് ഉപ്പൽ പൊലീസും സെൻട്രൽ ക്രൈം സ്റ്റേഷൻ സംഘവും ചേർന്ന് യുവതിയെ പിടികൂടിയത്.
ഉപ്പൽ, മെഡിപ്പള്ളി, ജഗത്ഗിരിഗുട്ട പൊലീസ് സ്റ്റേഷൻ പരിധികളിലും ഭദ്രാദ്രി കൊത്തഗുഡം ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുമായി രജിസ്റ്റർ ചെയ്ത അഞ്ച് മോഷണക്കേസുകളിൽ യുവതിക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് വിറ്റതായും പണയം വെച്ചതായും പൊലീസ് സംശയിക്കുന്നു. ലഭിച്ച പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
യുവതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തത് ഏകദേശം 560 ഗ്രാം സ്വർണാഭരണങ്ങൾ, 1.5 കിലോ വെള്ളി സാധനങ്ങൾ, പണം, ഒരു ഐഫോൺ 17 എന്നിവയാണ്. ഇവയുടെ ആകെ മൂല്യം ഏകദേശം 70 ലക്ഷം രൂപ വരുമെന്നാണ് പൊലീസ് കണക്ക്. ഒക്ടോബർ 31ന് അറസ്റ്റിലായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.
0 Comments