വയനാട് തുരങ്കപ്പാത നിർമാണത്തിന്റെ ഭാഗമായി നീക്കിയിട്ട മണ്ണ് ഇടിഞ്ഞ സംഭവത്തിൽ 4 മാസം കഴിഞ്ഞിട്ടും സർക്കാരിനു റിപ്പോർട്ട് നൽകാതെ വിദഗ്ധസമിതി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു ജൂലൈ ആദ്യം സമിതി രൂപീകരിച്ചപ്പോൾ സർക്കാരിന്റെ നിർദേശം.
റിപ്പോർട്ട് ലഭിക്കാതെ നിർമാണം പുനരാരംഭിക്കില്ലെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ തുരങ്കനിർമാണം മരവിച്ച നിലയിലാണ്. നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നല്ലാതെ കാലതാമസമുണ്ടായാൽ സാമ്പത്തികനഷ്ടം സർക്കാർ സഹിക്കേണ്ടിവരുമെന്നാണു കരാറിലുള്ളത്. ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ഇരട്ടത്തുരങ്കപ്പാത നിർമാണത്തിനായി നീക്കംചെയ്തു കൂട്ടിയിട്ട മണ്ണാണ് കള്ളാടിയിൽ ജൂലൈ 7ന് ഇടിഞ്ഞുവീണത്. നിർമാണക്കമ്പനിയുടെ ജീവനക്കാരടക്കം 8 പേർ മരിച്ചു.
തുടർന്ന്, പണി നിർത്തിവയ്ക്കുകയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം അഞ്ചംഗ വിദഗ്ധസമിതി രൂപീകരിക്കുകയും ചെയ്തു.
ജിയോളജിസ്റ്റ്, ഇക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, മരാമത്ത് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരായിരുന്നു അംഗങ്ങൾ. മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനായിരുന്നു നിർദേശം. നിർമാണക്കമ്പനി കരാർ ലംഘിച്ചോ, സംസ്ഥാന–കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിൽ അപാകതയുണ്ടായോ എന്നിവയും പരിശോധിക്കണം.
റിപ്പോർട്ട് വരുന്നതുവരെ പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും സമിതി വിദഗ്ധരുടെ എണ്ണം കൂട്ടി വിപുലീകരിക്കുകയാണു ചെയ്തത്. നിർമാണം പുനരാരംഭിക്കണോ എന്നു തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണായകമാണ്.
കഴിഞ്ഞ സർക്കാർ കൊണ്ടുവന്നതാണെങ്കിലും പദ്ധതിക്കു പൂർണമായി എതിരല്ലെന്നതാണു പുതിയ സർക്കാരിന്റെ നിലപാട്.
ഇതിനിടെ, കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യാം എന്നതിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകുകയും തുടർ നടപടിയിലേക്കു കടക്കുകയും ചെയ്തു.
.
0 Comments