തിരുവനന്തപുരം:പെൺകുട്ടിയുമായുളള സൗഹൃദ ത്തിന്റെ പേരിൽ തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്. അഭിരാമിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ഒരാളും പ്രതിയും 17വയസുകാരനാണ്. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ഇൻസ്റ്റ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് ചാക്കിൽകെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
പാങ്ങപ്പാറയിലെ കാടുമൂടിയ ഒറ്റപ്പെട്ട പ്രദേശത്തുനിന്ന് അഭിരാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതോടെ ഈ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയമാണ് ശക്തമായി ബലപ്പെട്ടിരിക്കുന്നത്. ചുറ്റും വീടുകളുള്ള ജനവാസ മേഖലയുടെ നടുവിലാണ് ഈ ചെറിയ ഒറ്റപ്പെട്ട പ്രദേശം സ്ഥിതി ചെയ്യുന്നത് എന്നത് കുറ്റവാളികളുടെ കൃത്യമായ പ്ലാനിംഗിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. അഭിരാമിനെ ഈ പ്രദേശത്തേക്ക് കൃത്യമായി എത്തിച്ചതെങ്ങനെയെന്നും, കൊലപാതകത്തിനായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തത് എന്തിനാണെന്നുമുള്ള കാര്യങ്ങളില്‍ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തിവരികയാണ്.
പ്രധാന റോഡില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചശേഷം വീണ്ടും ഏകദേശം 500 മീറ്റർ കൂടി കടന്നാലാണ് മൃതദേഹം കണ്ടെത്തിയ കാടുമൂടിയ ആള്‍ത്താമസമില്ലാത്ത പ്രദേശത്തെത്താൻ സാധിക്കുക. അടുത്തിടെ റോഡ് പണി നടന്നതുകാരണം ചെളിനിറഞ്ഞ ദുർഘടമായ വഴിയാണിവിടേക്കുള്ളത്. ചുറ്റും വീടുകളുള്ള പ്രദേശത്ത് ഈ ചെറിയ ഭാഗം മാത്രം ആളൊഴിഞ്ഞുകിടക്കുന്നത് കൊലയാളികള്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. മറ്റൊരിടത്ത് വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പിന്നീട് ഇവിടെ കൊണ്ടുവന്ന് തള്ളിയതാണോ എന്ന പ്രാഥമിക സംശയം ഉയർന്നിരുന്നെങ്കിലും, മൃതദേഹം മറ്റൊരിടത്തുനിന്ന് കടത്തിക്കൊണ്ടുവന്നതിന്റെ യാതൊരുവിധ തെളിവുകളും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അഭിരാമിനെ നേരെ ഈ നിർദ്ദിഷ്ട സ്ഥലത്തേക്ക് തന്ത്രപൂർവ്വം വിളിച്ചുവരുത്തിയശേഷമാണ് കൊലപാതകം നടത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിട്ടുള്ളത്.
0 Comments