LATEST

6/recent/ticker-posts

നഷ്ടത്തിന്റെ കണക്ക് പറഞ്ഞു പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര

വർധിപ്പിച്ചത്പെ ട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും 




നഷ്ടത്തിന്റെ കണക്ക് പറഞ്ഞു നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വര്‍ധന. നയാര പമ്പുകളില്‍ പെട്രോള്‍ ലീറ്ററിന് 120 രൂപയും ഡീസലിന് 106.55 രൂപയുമായി വില ഉയര്‍ന്നു. വിലവര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധനവിതരണ റീടെയില്‍ ശൃംഖലയാണ് നയാര.










 അതേസമയം, പൊതുമേഖലാ എണ്ണ കമ്പനികളുടെ വിലയില്‍ മാറ്റമില്ല. രാജ്യത്തെ ഒരു ലക്ഷത്തില്‍പരം പെട്രോള്‍ പമ്പുകളില്‍ 7,108 പമ്പുകളാണ് നയാര ഓപ്പറേറ്റ് ചെയ്യുന്നത്. വിലക്കുറവ് പ്രയോജനപ്പെടുത്താന്‍ വ്യാവസായിക, ബള്‍ക്ക് ഉപഭോക്താക്കള്‍ പെട്രോള്‍ പമ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ സ്വകാര്യ എണ്ണ കമ്പനികളായ ജിയോ-ബിപിയും നയാര എനര്‍ജിയും ഡീസല്‍ വില്‍പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജിയോ പമ്പുകളില്‍ പ്രതിദിനം 50 ലീറ്റര്‍ ഡീസല്‍ മാത്രമാണ് ഒരാള്‍ക്ക് ലഭിക്കുക. 70 ലീറ്റര്‍ മുതല്‍ 200 ലീറ്റര്‍ വരെയാണ് നയാര ഏര്‍പ്പെടുത്തിയ പരിധി. ഇതിനു പിന്നാലെയാണ് നയാര വില വര്‍ധിപ്പിച്ചത്. 



നേരത്തെ, പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ഇന്ധനവിതരണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോള്‍ മാര്‍ച്ചില്‍ നയാര പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധി ഒഴിവായതോടെ ജൂലൈയില്‍ ഈ വിലവര്‍ധനവ് ഒഴിവാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ നീങ്ങുന്ന സാഹചര്യത്തിലാണ് വര്‍ധനവ്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രാജ്യത്തെ നയാരയുടെ 7,108 ഇന്ധന പമ്പുകളില്‍ പുതുക്കിയ വില നിലവില്‍ വന്നു. പൊതുമേഖലാ പെട്രോള്‍ പമ്പുകളില്‍ പെട്രോളിന് 113.50 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 102.42 രൂപയിലാണ് വ്യാപാരം. സ്വകാര്യ എണ്ണ കമ്പനികളുമായി വിലയില്‍ വലിയ വ്യത്യാസത്തിലാണ് പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധനം വില്‍ക്കുന്നത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതോടെ നഷ്ടത്തിലാണ് എണ്ണ കമ്പനികള്‍ വില്‍പന തുടരുന്നതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. നിലവില്‍ പെട്രോളിന് ലീറ്ററിന് അഞ്ചു രൂപയും ഡീസിലിന് 20 രൂപയും നഷ്ടമുണ്ടെന്നാണ് കണക്ക്.

Post a Comment

0 Comments