താമരശ്ശേരി. സമൂഹത്തിൽ സഹാനുഭൂതി ഉള്ളവർക്ക് മാത്രമേ നല്ല എഴുത്തുകാരാവാൻ സാധിക്കുകയുള്ളുവെന്നുംസാധാരണ കാഴ്ചയ്ക്കപ്പുറത്തുള്ള ജീവിതങ്ങളെ എഴുത്തുകാരന് കാണാൻ കഴിയുന്നത് ഈ സഹാനുഭൂതി കൊണ്ടാണെന്നും കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ.എം കെ.മുനീർ പറഞ്ഞു.
ജീവിതയാത്രയിലെ പ്രണയവും പ്രതിഷേധവും പ്രയാസവും പ്രതികാരവും ഹൃദയത്തിലേക്കും തലച്ചോറിലേക്കും പെയ്തിറങ്ങുന്ന അക്ഷരങ്ങൾ മനോഹരമായി കോർത്തിണക്കി ഈങ്ങാപ്പുഴ പുഴങ്കുന്നുമ്മൽ ഷംസിത പി.കെ. രചിച്ച വെളുത്ത ഹൃദയം എന്ന കവിത സമാഹാരത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അരങ്ങ് കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ താമരശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അരങ്ങ് രക്ഷാധികാരിയും മുൻ എംഎൽഎയുമായ കാരാട്ട് റസാഖ് അദ്ധ്യക്ഷനായിരുന്നു. ഗാന രചയിതാവ് ബാപ്പുവാവാട് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി നിഷആൻറണി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ് സജ്ന ടീച്ചർ, പക്കർ പന്നൂർ, പി.സി അഷ്റഫ്, ടി.ആർ ഓമനക്കുട്ടൻ, ടി.കെ.രാധാകൃഷ്ണൻ, കെ.കെ.ആലി, ടി പി എ നസീർ, വി.കെ.അഷ്റഫ്, കരീം പുതുപ്പാടി, ഹാരിസ് അമ്പായത്തോട് റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.കവയിത്രി പി.കെ ഷംസിത മറുപടി പ്രസംഗം നടത്തി.കലാം വാടിക്കൽ സ്വാഗതവും ടി പി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
0 Comments