സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. തൊഴിലില്ലായ്മയും യുദ്ധത്തെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും നിത്യജീവിതത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നതിനിടയിലാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം. അരി, പലവ്യഞ്ജനം, പച്ചക്കറി, പഴങ്ങൾ എന്നിവക്ക് വില കൂടിക്കൊണ്ടിരിക്കയാണ്. പാൽ, മുട്ട എന്നിവക്കും നേരത്തെ തന്നെ വില കൂടി. നേന്ത്രപ്പഴം വില ഓണം കഴിഞ്ഞിട്ടും കുറഞ്ഞില്ലെന്ന് മാത്രമല്ല കിലോ 85 രൂപയിലെത്തി. 67 രൂപയിൽ നിന്ന് പൊന്നി അരി വില 78ൽ എത്തി. കുറുവ ഇനങ്ങൾക്ക് 50നും 60നു ഇടയിലാണ് ചില്ലറ വില.280 രൂപയുടെ വറ്റൽ മുളകിന് ചില്ലറ വില 430 വരെ എത്തി. പിരിമുളക് (ബേടകി) വില 350ൽ നിന്ന് 700 രൂപയിലെത്തി. പരിപ്പ് വില 118ൽ നിന്ന് 145 വരെ എത്തി. സെക്കൻഡ് ക്വാളിറ്റി പരിപ്പിന് കിലോ വില 135 ആണ്. പഞ്ചസാര വില വീണ്ടും 65 ലേക്ക് എത്തുകയാണ്. നേരത്തെ 45 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് വില 65ൽ എത്തിയിരുന്നു.കഴിഞ്ഞ ആഴ്ചകളിൽ ഇത് 58 ലേക്ക് താഴ്ന്നുവെങ്കിലും ശനിയാഴ്ച പിന്നെയും കൂടി. പച്ചക്കറി വിലയും പോക്കറ്റ് കാലിയാക്കും വിധത്തിലാണ്. തക്കാളി 35, വലിയുള്ളി 55, മല്ലിച്ചെപ്പ്-പൊതീന 150, ബീൻസ് 100, പയർ 80, പച്ചമുളക് 60, വെളുത്തുള്ളി 200, കൈപ്പക്ക 90, ഇഞ്ചി 200, കപ്പ 40 എന്നിങ്ങനെയാണ് കിലോ വില. ചെറുനാരങ്ങ കിലോ വില 200 ആണ്. നിർമാണമേഖലയിലെ സ്തംഭനാവസ്ഥ തൊഴിൽ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വിലക്കയറ്റവും.
വിലവിവരപ്പട്ടിക അരി: പൊന്നി -78, പഞ്ചസാര -56-60,കുറുവ -55-60,ഓയിൽ -185,പാമോയിൽ -170,വറ്റൽ മുളക് -430,നേന്ത്രപ്പഴം -85,തക്കാളി -35,വലിയുള്ളി -55, കപ്പ -40. വെളുത്തുള്ളി -200, ഇഞ്ചി -200,ബീൻസ് -100കൈപ്പക്ക-90,ചെറിയുള്ളി -120,കോഴിമുട്ട -6.50 ,ആണിപ്പൂവൻ -90, മൈസൂർ പഴം -50_
0 Comments