കേന്ദ്രസർക്കാരിന്‍റെ എഥനോള്‍ നയം മൂലം ചോളത്തിന്‍റെയും കോഴിമുട്ടയുടെയും വില വർധിക്കുന്നുവെന്ന് റിപ്പോർട്ട്.എഥനോള്‍ ഉത്പാദനത്തിനായി ചോളം ഉപയോഗിക്കുന്നതാണ് പ്രശ്നങ്ങളുടെയെല്ലാം മുഖ്യകാരണം.
ഒരു വർഷത്തിനിടെ മുട്ടയുടെ വിലയില്‍ വലിയ വർധനയാണുണ്ടായിട്ടുള്ളത്. ചോളത്തിന്‍റെ ലഭ്യത കുറഞ്ഞതാണ് മുട്ട വില കൂട്ടുന്നത്. കോഴിത്തീറ്റയിലെ പ്രധാന ഘടകമാണ് ചോളം. കോഴിത്തീറ്റയില്‍ അറുപതു ശതമാനവും ചോളമാണ്. അതു കൊണ്ട് തന്നെ ചോളത്തിന്‍റെ വില കൂടിയത് കോഴിത്തീറ്റയുടെ വിലയേയും ബാധിച്ചു കഴിഞ്ഞു . സ്വാഭാവികമായും കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വില കൂടുമെന്ന കാര്യത്തിൽ സംശയമില്ല
മുൻപ് രാജ്യത്ത് കൃഷി ചെയ്തിരുന്ന ചോളം ആഭ്യന്തര ആവശ്യങ്ങള്‍ക്കു ശേഷം കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് നിന്ന് ചോളം ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്.
43.4 ദശലക്ഷം ടണ്‍ ചോളമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. അതില്‍ 17 ദശലക്ഷം ടണ്‍ ചോളവും എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കും. നാല് വർഷത്തിനുള്ളില്‍ ഇത് 25 ദശലക്ഷം ടണ്‍ ആയി ഉയർന്നേക്കും. നിലവില്‍ ടണ്ണിന് 26,500 രൂപയാണ് ചോളത്തിന്‍റെ വില.
അഞ്ച് മാസത്തിനിടെ മാത്രം 20 ശതമാനം വർധനയാണ് ചോള വിലയില്‍ ഉണ്ടായത്. ഇപ്പോല്‍ 10 ലക്ഷം ടണ്‍ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
0 Comments