LATEST

6/recent/ticker-posts

നാരങ്ങ മുറിച്ചു',മഴ നിന്നുവെന്ന് ബിജെപി എം.പി'എങ്കില്‍ വിലക്കയറ്റത്തിനും പരീക്ഷിക്കൂ', എംപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ്

റായ്പൂർ: മഴ നിർത്താൻ നാരങ്ങ മുറിച്ചെന്ന ഛത്തീസ്ഗഢിലെ ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമർശം വിവാദത്തില്‍. മഴ ശക്തമായതിനെ തുടർന്ന് മഹാദേവിനോട് പ്രാർഥിക്കുകയും നാരങ്ങ മുറിക്കുകയും ചെയ്തതോടെ മഴ നിലച്ചുവെന്നാണ് കാങ്കർ എംപി അവകാശപ്പെട്ടത്.







ഓഗസ്റ്റ് 25ന് ദൗണ്ടിലോഹറയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംപിയുടെ പരാമർശം. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുക്കുന്ന ‘മഹ്താരി വന്ദൻ’ പദ്ധതിയുടെ പരിപാടിക്കായാണ് മഴ നിർത്താൻ താൻ ഇത്തരത്തില്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുള്ള പ്രോട്ടോക്കോള്‍ സംഘം അർധരാത്രിയോടെ എത്തിയിരുന്നുവെന്നും അതിന് മുമ്പുള്ള ദിവസവും കാലാവസ്ഥ മോശമായിരുന്നുവെന്നും നാഗ് പറഞ്ഞു. പരിപാടി നടക്കുന്നതിനായി ബുദ്ധദേവിനോടും മഹാദേവിനോടും പ്രാർഥിച്ചശേഷം നാരങ്ങ മുറിച്ചെന്നും അതോടെ മഴ നിന്നെന്നും എംപി അവകാശപ്പെട്ടു. പരിപാടി വിജയകരമായി പൂർത്തിയായതിനാല്‍ ഇനി മഴ പെയ്യണമെങ്കില്‍ പെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ഉള്‍പ്പെടെയുള്ളവർ ഇത് കേട്ട് ചിരിക്കുകയും ചെയ്തു.


എംപിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. നാരങ്ങ മുറിച്ച്‌ മഴ നിർത്താൻ കഴിയുമെങ്കില്‍ പഞ്ചസാരയുടെ വിലയും വിലക്കയറ്റവും കുറയ്ക്കാൻ അതേ വിദ്യ പരീക്ഷിക്കണമെന്നായിരുന്നു ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷൻ ദീപക് ബൈജിന്റെ പരിഹാസം. നാഗ് അന്ധവിശ്വാസവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.








സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എംപിയുടെ പരാമർശം വ്യാപകമായി ചർച്ചയായി. വൈദ്യുതി ബില്‍, ഇന്ധനവില, കുടുംബച്ചെലവ് തുടങ്ങിയവ കുറയ്ക്കാനും നാരങ്ങ മുറിക്കുന്ന രീതി പരീക്ഷിക്കാമോയെന്ന തരത്തിലുള്ള പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയർന്നു. നേരത്തെയും സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ ‘നാരങ്ങ മുറിക്കല്‍’, മന്ത്രവാദം തുടങ്ങിയ രീതികള്‍ പരാമർശിച്ചതിന്റെ പേരില്‍ ഭോജ്രാജ് നാഗ് പരിഹാസ്യനായിരുന്നു.

Post a Comment

0 Comments