LATEST

6/recent/ticker-posts

ഫ്രഷ് ക്കട്ട് പ്ലാൻ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

താമരശേരി(കോഴിക്കോട്): ഗുരുതരമായ മലിനീകരണത്തിനു കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികൾ പരിഗണിച്ച് കോഴി അറവുമാലിന്യ സംസ്കരണ കമ്പനിയായ ഫ്രഷ് ക്കട്ടിന് കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന ഉത്തരവ് പ്രകാരമാണ് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് കൈമാറി യത്. കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ 2026 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷർ ഓർഡറിൽ നിർദേശിച്ചിട്ടുണ്ട്.


കഴിഞ്ഞദിവസത്തെ മഴയിൽ ഫാക്ടറിയിൽ വെള്ളം കയറി പുഴയിൽ മലിന്യം ഒഴുകിയിരുന്നു. ഫാക്ടറി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫാക്ടറി സന്ദർശിച്ച പി.കെ ഫിറോസ് എം എൽ എ ഉറപ്പ് നൽകിയിരുന്നു


അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ  കഴിഞ്ഞ ദിവസം പെയ്ത് കനത്ത മഴയിൽ ഇരുതുള്ളി പുഴയിൽ നിന്ന്  കമ്പനിക്കുള്ളിൽ വെള്ളം കയറുകയും അവിടെ സൂക്ഷിച്ചിരുന്ന ടൺ കണക്കിന് കോഴിമാലിന്യങ്ങൾ പുഴയിലെ വെള്ളത്തിൽ കലരുകയും ചെയ്തിരുന്നു . സംഭവമറിഞ്ഞ് അന്ന് തന്നെ  പി.കെ. ഫിറോസ് എം.എൽ.എ സന്ദർശനം നടത്തുകയും കമ്പനി എത്രയും വേഗം അടച്ച് പൂട്ടാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട അധികാരിക്ക് നൽകിയിരുന്നു . നാലായിരത്തോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരതത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി ജനവാസ മേഖലയിലേക്ക് വലിയ തോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ പൊതുജനങ്ങളിൽ നിന്നും ബോർഡിന് പരാതികൾ ലഭിച്ചിരുന്നു. മുമ്പ് സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും കമ്പനി മലിനീകരണം തുടരുകയായിരുന്നു






മലിനീകരണ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരവും കാണാത്തതിനാലും, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് ഇപ്പോൾ കർശന നടപടിയിലേക്ക് ബോർഡ് കടന്നത്. 1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 33A, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 31A എന്നീ വകുപ്പുകൾ പ്രകാരം ബോർഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗൾട്രി റെൻഡറിങ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്സ്. എന്നാൽ അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടൺ മാത്രം ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യം ദിവസവും എത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രധാന പരാതി.

മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും, സമീപത്തെ ഇരുതുള്ളി പുഴയിലുൾപ്പെടെയുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ നാലായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.

ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. മലിനീകരണ പ്രശ്നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ അന്തിമ നടപടി ഉണ്ടായിരിക്കുന്നത്.

ജനങ്ങളുടെ വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിൽ ഉണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണു സർക്കാർ ഈ തീരുമാനത്തിൽ എത്തിയതെന്ന് പി.കെ. ഫിറോസ് എം.എൽ‍.എ വ്യക്തമാക്കി.


മുഖ്യ മന്ത്രി വി.ഡി സതീഷനും കൊടുവള്ളി എം എൽ എ പി.കെ. ഫിറോസിനും യു.ഡി.എഫ് സർക്കാറിനും അഭിനന്ദനങ്ങൾ അർപ്പിക്കുയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments