LATEST

6/recent/ticker-posts

ലഹരിമരുന്ന് വാങ്ങാൻ രക്ഷിതാക്കൾ പണം നൽകിയില്ല,സ്വന്തം വീടിന് തീയിട്ട് യുവാവ്.

കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ രക്ഷിതാക്കൾ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആയിക്കര സ്വദേശിയായ അഭിഷേക് (25 ) ആണ് സ്വന്തം വീടിന് തീ കൊളുത്തിയത്. കണ്ണൂർ കോവിലകം ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപമുള്ള വീടിനാണ് അഭിഷേക് തീയിട്ടത്. പ്രതിയെ സിറ്റി പോലീസ് ഇൻസ്പെക്ടർ ഇക. ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.












അഭിഷേക് ലഹരിക്ക് അടിമയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഹരിമരുന്ന് വാങ്ങാൻ പണം നൽകാതിരുന്നാൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി യുവാവ് പണം വാങ്ങാറുണ്ടായിരുന്നുവെന്നും പിതാവ് രാജേഷ് പറഞ്ഞു. ഒടുവിൽ ഇന്നലെയാണ് അഭിഷേക് പണം ആവശ്യപ്പെട്ടത്. 2000 രൂപ നൽകണമെന്നും അല്ലെങ്കിൽ അമ്മയെയും അച്ഛനെയും പെട്രോളൊഴിച്ച് തീവച്ചു കൊല്ലുമെന്നുമായിരുന്നു യുവാവിന്റെ ഭീഷണി. പിന്നാലെ അഭിഷേകിന്റെ അച്ഛനും സഹോദരനും ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവാവ് വീടിന് തീയിടുകയായിരുന്നു.









പുലർച്ചെ വീടിന് തീപിടിക്കുന്നത് കണ്ട് അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. വീടിനുള്ളിൽ എത്തി കിടപ്പുമുറിക്ക് തീയിട്ട ശേഷം അഭിഷേക് ഒളിവിൽ പോകുകയായിരുന്നു. തീ പടർന്നതോടെ മുറിയിലുണ്ടായിരുന്ന വിലകൂടിയ എയർ കണ്ടീഷണർ, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഫാൻ, വസ്ത്രങ്ങൾ, വീടിന്റെ ജനലുകൾ, ഇലക്ട്രിക് വയറിങ് എന്നിവയെല്ലാം കത്തിയമർന്നു. അടിയന്തിര ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കത്തി ചാമ്പലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് രാജേഷ് പറയുന്നത്.

Post a Comment

0 Comments