ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും,,,,,,,, കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും...... അല്ല നന്മയുടെ നിറവ് വറ്റാത്ത ചിലരെങ്കിലും കൂടെ വരും എന്ന് ഒരു തിരുത്തൽ...,അതെ രക്ത ബന്ധമുളളവർ എല്ലാവരും കൈവിട്ടു പോയ പ്പോഴും സ്വന്തത്തെ പോലെ അണച്ചു പിടിച്ചു ഒരു കൂട്ടം ആളുകൾ, അവരാണ് ഭൂമിയിലേ മാലാഖ മാർ....അതെ അവരേ ഇരു കൂട്ടരേയും അറിയാതെ പോകരുത്....
അജ്മാൻ∙ അരനൂറ്റാണ്ട് യുഎഇയുടെ മണ്ണിൽ അധ്വാനിച്ച് സർവ്വതും നേടി, ഒടുവിൽ പ്രതിസന്ധിയുടെ കയത്തിൽ വീണ് ദുരിതത്തിലായ തിരുവനന്തപുരം ശംഖുമുഖം സ്വദേശി മൈക്കിൾ ജെലാസ്റ്റിൻ (75) നന്മമനസുകളുടെ സഹായത്തോടെ ഒടുവിൽ നാട്ടിലെത്തി. പണമുണ്ടായിരുന്ന നാളുകളിൽ ഒപ്പമുണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞുമാറിയപ്പോൾ, രോഗബാധിതനായി ആശുപത്രിപ്പടികളിൽ അനാഥനായ ഈ വയോധികനെ സ്വന്തം പിതാവിനെപ്പോലെ നെഞ്ചോട് ചേർത്ത അജ്മാനിലെ സാമൂഹിക പ്രവർത്തകയായ സൽമ സജിനും അഡ്വ. ഫരീദിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികളുമാണ് മടക്കയാത്രയുടെ നടപടികൾക്ക് നേതൃത്വം നൽകിയത്. മൈക്കിളിന്റെ വേദനാജനകമായ അവസ്ഥ വാർത്തയായപ്പോൾ ബന്ധുക്കളും പിന്തുണയുമായെത്തിയിരുന്നു."
ഒരുമാസത്തിലേറെയായി അജ്മാനിലെ തന്റെ ചെറിയ ഫ്ലാറ്റിൽ താമസിപ്പിച്ച് മൈക്കിളിനെ പരിചരിച്ചു വരികയായിരുന്നു സൽമ. തിങ്കളാഴ്ച രാത്രി ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് മൈക്കിൾ യാത്രയായത്. തിരുവനന്തപുരംത്ത് എത്തിയപ്പോൾ സഹോദരിയും കുടുംബവും അദ്ദേഹത്തെ ഏറ്റെടുക്കുകയും ചെയ്തു.
സമ്പത്തിന്റെ നാളുകളിൽ ഒപ്പമുണ്ടായിരുന്നവർ ഒഴിഞ്ഞുമാറി
ഒരു കാലത്ത് യുഎഇയിലെ സർക്കാർ ഉദ്യോഗസ്ഥനായും പ്രമുഖ ബിസിനസുകാരനായും തിളങ്ങിനിന്ന ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ പ്രവാസഭൂമിയിലെ വലിയൊരു വിങ്ങലായിരുന്നു. അബുദാബിയിൽ സർക്കാർ ജീവനക്കാരനായിരുന്ന മൈക്കിൾ പിന്നീട് എയർ കണ്ടീഷണർ വ്യവസായ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമൊത്ത് യുഎഇയിൽ ഉന്നത നിലയിലായിരുന്നു താമസം. മക്കളെ മൂവരെയും മികച്ച രീതിയിൽ പഠിപ്പിച്ചു, രണ്ട് മക്കൾ എൻജിനീയർമാരാണ്. എല്ലാവരുടെയും വിവാഹവും ആർഭാടമായി നടത്തിക്കൊടുത്തു. എന്നാൽ, മഹാമാരിയുടെ വരവോടെ ബിസിനസിന്റെ തകർച്ച തുടങ്ങി. ഇതോടൊപ്പം ഹൃദ്രോഗവും മറ്റും ബാധിച്ച് ആരോഗ്യം ക്ഷയിച്ചതോടെ ജീവിതത്തിന്റെ താളം പൂർണമായി തെറ്റി.
അബുദാബിയിലെ കമ്പനിയിൽനിന്ന് വൻ തുകകൾ കിട്ടാനുണ്ടായിരുന്നെങ്കിലും അതൊന്നും ലഭിച്ചില്ല. തുടർന്ന് പരിചയക്കാരുടെ ഉപദേശപ്രകാരം ഷാർജയിൽ പുതിയ ബിസിനസ് തുടങ്ങിയെങ്കിലും അതും പച്ചപിടിച്ചില്ല. നാട്ടിൽനിന്ന് ആകെയുണ്ടായിരുന്ന ഒരുകോടിയോളം രൂപ കൊണ്ടുവന്ന് ഇറക്കിയിട്ടും ബിസിനസ് പരാജയപ്പെടുകയായിരുന്നു. ബാധ്യതകൾ ഏറിയതോടെ ഭാര്യയും മക്കളും ഇദ്ദേഹത്തെ തനിച്ചാക്കി പോയി. പണമുണ്ടായിരുന്നപ്പോൾ ഏതാവശ്യത്തിനും കൈനീട്ടിയിരുന്ന നാട്ടിലെ ബന്ധുക്കൾ ഫോൺ കോൾ പോലും എടുക്കാത്ത അവസ്ഥയായി. ഒടുവിൽ 2017ലാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയിരുന്നത്."
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഷാർജ ഖാസിമിയ ആശുപത്രിയിൽ ഒന്നര മാസത്തോളം ചികിത്സയിലായിരുന്നു. അവിടെനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ പോകാൻ ഒരിടമില്ലാതെ വലഞ്ഞു. ഇടയ്ക്ക് ഒരു സന്നദ്ധ സംഘടന താമസിപ്പിച്ചെങ്കിലും വീണ്ടും രോഗം കലശലായതോടെ ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴാണ് കൂടെക്കൂട്ടാൻ ആരുമില്ലെന്ന വിവരം സൽമയും ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികളും അറിയുന്നത്. തുടർന്ന് ഇവർ മുൻകൈയെടുത്ത് ഇദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ഏറ്റെടുക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പേരിലുള്ള ബിസിനസ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ട് നാല് വർഷമായിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലുമായിരുന്നു. മാസങ്ങളായി കൃത്യമായ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. തെരുവിന്റെ അരികിലേക്ക് തള്ളപ്പെടുമായിരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ വയോധികന് ഇവർ തണലൊരുക്കിയത്."
സാമ്പത്തിക ബാധ്യതകൾ തീർത്ത് നാട്ടിലെത്തിച്ചാൽ മൈക്കിളിനെ താൻ നോക്കിക്കൊള്ളാം എന്ന് നാട്ടിലുള്ള ഏക സഹോദരി സൽമയ്ക്ക് ഉറപ്പ് നൽകിയതിനാൽ എല്ലാവരും ഒത്തുചേർന്ന് നിയമപരമായ ബാധ്യതകളും പിഴകളും (ഏതാണ്ട് 20,000 ദിർഹം) തീർത്തു. അരനൂറ്റാണ്ട് കാലം മരുഭൂമിയിൽ ചോരനീരാക്കിയ ഈ മനുഷ്യന് ഇനി ജന്മനാടിന്റെ മണ്ണിൽ പ്രിയപ്പെട്ടവരുടെ അരികിൽ വിശ്രമജീവിതം നയിക്കാനാകും. സൈനു, അമൽ ഗിരീഷ്, ഷാനു മാത്യു, ജിബിൻ തരകൻ, അബ്ദുൽറഹ്മാൻ തുടങ്ങിയവരാണ് ഈ ഉദ്യമത്തിന് പിന്നിൽ അണിനിരന്ന മറ്റുള്ളവർ.
0 Comments