5.10 pm
താമരശ്ശേരി: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട എകരൂർ സ്വദേശിക്കായി നടത്തിയ തിരച്ചിലിൽ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല. എകരൂർ സ്വദേശിയായ ഷിജുവിനെയാണ് ഞായറാഴ്ച വൈകിട്ടോടെയാണ് പുഴയിൽ കാണാതായത്.
പൂനൂരിന് സമീപം കാവുള്ളപറമ്പ് കുണ്ടത്തിൽ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷിജു. പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായാണ് വിവരം.
നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം, നാട്ടുകാർ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പുഴയിൽ ഊർജിതമായ തിരച്ചിൽ പുരോഗമിക്കുന്നത്.
അതിനിടെ കണ്ണൂർ തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് വെള്ളത്തിൽ വീണ് മരണപ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച വൈകിട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി. ഇതിനിടയിൽ കാൽവഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു.
കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
0 Comments