തിരുവനന്തപുരം: കുട്ടികൾക്ക് ആധാർ എടുക്കുന്നതുമായും അത് പുതുക്കുന്നതുമായും ബന്ധപ്പെട്ട് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതും, അറിയേണ്ട തുമായ കാര്യങ്ങൾ വ്യക്തമാക്കി കേരള സംസ്ഥാന ഐ.ടി. മിഷൻ. കൃത്യസമയത്ത് ആധാർ പുതുക്കാത്തത് ഭാവിയിൽ നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയാക്കും.
കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 - 5 വയസ്സ്)
നവജാത ശിശുക്കൾ മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എടുക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളം, കൺപോളകളുടെ രേഖ തുടങ്ങിയ ബയോമെട്രിക്സ് വിവരങ്ങൾ ശേഖരിക്കാറില്ല. പകരം മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് കാർഡ് നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കി അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റ് അംഗീകൃത കേന്ദ്രങ്ങൾ വഴിയോ ആധാർ എടുക്കാം.
നിർബന്ധിത ബയോമെട്രിക് പുതുക്കൽ (സെപ്റ്റംബർ 2026 വരെ സൗജന്യം)"
Also read- മരണാനന്തരചടങ്ങ്,കാന്തപുരത്തിന്റെ പേരിൽ വ്യാജ പ്രചാരണം; പരാതി നൽകി
കുട്ടികൾക്ക് 5 വയസ്സ് തികയുമ്പോഴും 15 വയസ്സ് തികയുമ്പോഴും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൺപോളകളുടെ രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ സെപ്റ്റംബർ 2026 വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവായേക്കാം.
ആധാർ എന്തിനൊക്കെ അത്യാവശ്യം?
വിവിധ സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളജ് അഡ്മിഷനുകൾ, ഡിജിലോക്കർ, അപാർ (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ നിർബന്ധമാണ്.
മൊബൈൽ നമ്പറും ഇ-മെയിലും അപ്ഡേറ്റ് ചെയ്യാം
വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നിർബന്ധമാണ്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പുതിയ ആധാർ എടുക്കാനും മാറ്റങ്ങൾ വരുത്താനും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമുണ്ട്."
സംശയങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടാം:
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in
Content Highlight: Things parents should keep in mind when getting and renewing Aadhaar for their children"
0 Comments