ഭയപ്പെടുത്തി മൗനിയാക്കാനുളള ശ്രമമെന്ന് സോഷ്യൽ മീഡിയ
"ന്യൂഡൽഹി: ഇ20 എഥനോൾ ഇന്ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നാല് സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്. ബിഹാറിൽനിന്നുള്ള പ്രമുഖ യുട്യൂബറായ മനീഷ് കശ്യപിനെ കൂടാതെ ദേശി ബോയ്സ് എൻ.സി.ആർ, ഹർഷിത് രതി, അങ്കലേഷ് ഇൻവതെ എന്നിവർക്കെതിരെയാണ് കേസ്
തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെയുള്ളവർക്കെതിരെ മഹാരാഷ്ട്രയിലെ നാഗ്പൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്."
ബി.ജെ.പിയുടെ നാഗ്പൂർ സോഷ്യൽ മീഡിയ സെൽ മേധാവി ശിഷിർ ത്രിപാദി നൽകിയ പരാതിയിലാണ് നടപടി. ഇ20 ഇന്ധനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വ്യാജ അവകാശവാദങ്ങളും ഉൾക്കൊള്ളുന്ന വിഡിയോകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിശ്വാസ്യത തകർക്കാനും ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. എഥനോൾ ഉപയോഗത്തിൽ വലിയ തോതിലുള്ള തട്ടിപ്പും വ്യാജ ഇടപാടുകളും നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇൻഫ്ലുവൻസർമാർ വീഡിയോകൾ പ്രചരിപ്പിച്ചതായി പൊലീസ് പ്രതികരിച്ചു."
എഥനോൾ നയത്തിന്റെ മറവിൽ നിയമം ലംഘിക്കപ്പെടുന്നുവെന്ന് ഇൻഫ്ലുവൻസർമാർ വിഡിയോകളിലൂടെ ആരോപിക്കുകയും ഗഡ്കരിയുടെ എഥനോൾ നയങ്ങൾ അവർ മനപൂർവം തെറ്റായി ചിത്രീകരിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ചില വിഡിയോകളിൽ സാധാരണക്കാരുടെ പ്രതികരണമെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന അഭിമുഖങ്ങളും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ കൂടുതൽ കാഴ്ചക്കാരെ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു."
.
എഥനോൾ കലർത്തിയ ഇ20 പെട്രോളിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്നതിനിടെ ഇ20 ഇന്ധനത്തെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി നിതിൻ ഗഡ്കരി രംഗത്തെത്തിയിരുന്നു. ഒരു സാധാരണ കാർ ഉടമക്ക് വാഹനത്തിന്റെ മൈലേജ് കൃത്യമായി കണക്കാക്കാൻ സാധിക്കില്ലെന്നും അത് അംഗീകൃത ഡീലർഷിപ്പുകൾ നടത്തുന്ന ടെസ്റ്റുകളിലൂടെ മാത്രമേ അളക്കാൻ സാധിക്കൂവെന്നുമാണ് ഗഡ്കരിയുടെ വാദം.
കാറിനുള്ളിൽ ഇ20 ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ സിറ്റി ഡ്രൈവുകളിൽ വാഹനത്തിന്റെ മൈലേജ് കുറഞ്ഞുവെന്ന മാധ്യമപ്രവർത്തകയുടെ പരാമർശത്തെ തുടർന്നായിരുന്നു ഗഡ്കരിയുടെ മറുപടി. നിങ്ങൾ എങ്ങനെയാണ് മൈലേജ് കണക്കാക്കിയതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കൂടാതെ ഒരു കാറിന്റെ മൈലേജ് കമ്പനി അംഗീകരിച്ചിട്ടുള്ള ഡീലറുടെ യന്ത്രങ്ങൾ ഉപയോഗിച്ച് മാത്രമേ പരിശോധിക്കാനാകൂവെന്നും അദ്ദേഹം മറുപടി നൽകി. ഇ20 പെട്രോളിനെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു. ഇ20 പെട്രോൾ ഉപയോഗിക്കുന്നതുവഴി ചില വാഹനങ്ങളുടെ മൈലേജിൽ മൂന്നു മുതൽ അഞ്ചു ശതമാനം കുറവുണ്ടാകുമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വാദം."
0 Comments