പുതുപ്പാടി :തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. ശ്രീ. സി.കെ. കാസിമിന് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ പാരിഷ് ഹാളിൽ വെച്ച് ഗംഭീരമായ പൗരസ്വീകരണം നൽകി. ജനസാഗരം സാക്ഷിയായ ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യ നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിസ്തരിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു താന്നിക്കാകുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി. നജ്മുന്നീസ ഷെരീഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. സി.കെ. കാസിം മറുപടി പ്രസംഗം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളായ വയനാട് ചുരം യാത്രാദുരിതത്തിന് ബദൽപ്പാത നിർമ്മാണം, 1/100 പട്ടയ വിതരണം, ചുരത്തിന്റെ 500 മീറ്റർ ചുറ്റളവിൽ നിലനിൽക്കുന്ന നിർമ്മാണ തടസ്സങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണാൻ തന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
**ലാപ്ടോപ്പ് വിതരണവും യാത്രയയപ്പും**
സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ എസ്.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം എം.എൽ.എ. നിർവ്വഹിച്ചു. കൂടാതെ, പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നും സ്തുത്യാർഹമായ സേവനത്തിന് ശേഷം സ്ഥലംമാറിപ്പോകുന്ന അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. അജിത്ത് പി.എസിന് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ഹൃദ്യമായ യാത്രയയപ്പും നൽകി.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് മാസ്റ്റർ പുതുപ്പാടി യു.ഡി.എഫ്. കൺവീനർ സന്തോഷ് മാളിയേക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സി.എ. മുഹമ്മദ്, സി.പി.ഐ.എം. അംഗം കെ.സി. വേലായുധൻ, ടി എം പൗലോസ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മേലെടുത്ത് അബ്ദുറഹിമാൻ,പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.എ. റഷീദ്, നാജിയ വി.കെ., ഷറഫുദ്ധീൻ, 500 എക്സ്ട്രാ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, അംഗങ്ങളായ സണ്ണി കാപ്പാട് മല, ആയിഷ ബീവി, ബിന്ദു സന്തോഷ്, പഞ്ചായത്ത് മെമ്പർ ഷാഫി വളഞ്ഞപാറ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഓതയോത്ത് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ചടങ്ങിൽ ദൃശ്യമായത്. കൈതപ്പൊയിൽ യു.പി. സ്കൂൾ, എം.ജി.എം. സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൗട്ട്സ്, എൻ.സി.സി. കേഡറ്റുകളുടെ സാന്നിധ്യം സ്വീകരണ സമ്മേളനത്തെ കൂടുതൽ വർണ്ണാഭമാക്കി.