LATEST

6/recent/ticker-posts

തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മല്‍സരങ്ങളില്‍ ഗോളടിക്കുന്ന ആദ്യ താരമായി മെസി.

ഡാലസ്: ഗ്രൂപ്പ് ജെയില്‍ ജോര്‍ദാനെയും തകര്‍ത്ത് അര്‍ജന്റീന. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജയം. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം മെസി കളത്തിലിറങ്ങി. മെസിയുടെ വകയായിരുന്നു അര്‍ജന്റീനയുടെ മൂന്നാം ഗോള്‍. തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മല്‍സരങ്ങളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ലയണല്‍ മെസി സ്വന്തമാക്കി. 





2022 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മുതല്‍ ഇത്തവണത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മല്‍സരം വരെ തുടര്‍ച്ചയായ ഏഴു മല്‍സരങ്ങളിലാണ് മെസി സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം ആറായി. ലോകകപ്പില്‍ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് കഴിഞ്ഞ മല്‍സരത്തില്‍ സ്വന്തമാക്കിയ മെസി, ഈ മല്‍സരത്തില്‍ ഗോളുകളുടെ എണ്ണം 19 ആയി ഉയര്‍ത്തി. ജൂലൈ നാലിന് പുലര്‍ച്ചെ നടക്കുന്ന റൗണ്ട് ഓഫ് 32 മല്‍സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
 Also Read - ഇനിയും നഷ്ടം സഹിക്കാനാകില്ല!; കോഴിക്കോട്ട് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും








ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് ഒന്‍പതു പോയിന്റുമായാണ് ചാംപ്യന്‍മാര്‍ നോക്കൗട്ടിനൊരുങ്ങുന്നത്. അര്‍ജന്റീനയ്ക്ക് വേണ്ടി ലയണല്‍ മെസി, ലോ സെല്‍സോ, ലൗതാരോ മാര്‍ട്ടീനെസ് എന്നിവര്‍ ഗോള്‍ നേടി. മൂസ അല്‍ താമരി ജോര്‍ദ്ദാന് വേണ്ടി ആശ്വാസ ഗോള്‍ നേടി. ഓസ്ട്രിയക്കെതിരായ അവസാന മല്‍സരത്തില്‍നിന്ന് ഒന്‍പത് മാറ്റങ്ങളുമായാണ് ലയണല്‍ സ്‌കലോണി ആദ്യ ഇലവനെ ഇറക്കിയത്.




 ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും മാത്രമാണ് സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ അര്‍ജന്റീന രണ്ടു തവണ ജോര്‍ദാന്‍ ഗോള്‍വല കുലുക്കി. 19ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെല്‍സോയും 31ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തു. 55ാം മിനിറ്റില്‍ മൂസ അല്‍ തമാരിയാണ് ജോര്‍ദാനായി ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിക്കിടെ സ്‌കലോണി അഞ്ച് മാറ്റങ്ങള്‍ വരുത്തി. 59ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ പകരക്കാരനായി മെസി കളത്തിലെത്തി. 80ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. ബോക്‌സിനുപുറത്തുനിന്നെടുത്ത കിക്ക് മതില്‍കെട്ടി നിന്ന ജോര്‍ദാന്‍ താരങ്ങളെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വല കുലുക്കി. ഗ്രൂപ്പ് ജെയിലെ മറ്റൊരു മല്‍സരത്തില്‍ അള്‍ജീരിയയും ഓസ്ട്രിയയും മൂന്നു ഗോള്‍വിതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അള്‍ജീരിയക്കായി റിയാദ് മെഹ്റസ് ഇരട്ട ഗോള്‍ നേടി. റാഫിക്ക് ബെല്‍ഗാലിയാണ് മറ്റൊരു സ്‌കോറര്‍. ഓസ്ട്രിയക്കായി മാര്‍ക്കോ അര്‍ണൗട്ടോവിച്ച്, മാല്‍സെല്‍ സബിറ്റ്സര്‍, സാസ കലായ്സിച്ച് എന്നിവര്‍ ഗോളുകള്‍ നേടി.