LATEST

6/recent/ticker-posts

യു.പിയില്‍ നിന്നൊരു ഹൃദയം നിറഞ്ഞ മതസൗഹാര്‍ദ കാഴ്ച- മുസ്‌ലിം യുവാവിന്റെ വിലാപയാത്രയ്ക്കായി കാവഡ് യാത്ര നിര്‍ത്തിവെച്ച്‌ തീര്‍ഥാടകര്‍

മീററ്റ്: ഇതര മതത്തോടുള്ള വെറുപ്പിന്റെ വാർത്തകള്‍ മാത്രം കേള്‍ക്കുന്ന ഉത്തർ പ്രദേശില്‍ നിന്ന് ഒരു ഹൃദയം നിറഞ്ഞ ആശ്വാസ കാഴ്ച


ശിവഭക്തരുടെ കാവഡ് യാത്രയ്ക്കിടെ (കാൻവർ യാത്ര) മതസൗഹാർദത്തിന്റെ മനം നിറയ്ക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായത് മീററ്റ് ജില്ലയിലെ സിവായ ഗ്രാമമാണ്. മുസ്ലിം യുവാവിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോകാനായി കാവഡ് തീർഥാടകർ തങ്ങളുടെ യാത്ര നിർത്തിവെച്ചതാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്.

ഡല്‍ഹി-ഡറാഡൂണ്‍ ദേശീയപാതയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിലാപയാത്ര ദേശീയപാത മുറിച്ച്‌ കടക്കുമ്പോള്‍ ആയിരക്കണക്കിന് ശിവഭക്തരാണ് കാവഡ് യാത്ര നിർത്തിവെച്ച്‌ കാത്തുനിന്നത്. മാത്രമല്ല, വിലാപയാത്രയ്ക്ക് വഴിയൊരുക്കാനായി തീർഥാടകർ മനുഷ്യചങ്ങല തീർത്തുകൊണ്ട് ദേശീയപാതയിലെ മറ്റ് യാത്രക്കാരെ നിയന്ത്രിക്കുകയും ചെയ്തു.


ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിസാം എന്ന 40-കാരന്റെ മൃതദേഹമാണ് ഖബറടക്കാൻ വിലാപയാത്രയായി കൊണ്ടുപോയതെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. ദേശീയപാതയുടെ മറുവശത്തായിരുന്നു ഖബർസ്ഥാൻ. നിസാമിന്റെ വീട്ടുകാർ ദേശീയപാത മുറിച്ചുകടക്കാനായി പ്രാദേശിക പൊലീസിന്റെ സഹായം തേടി. ദൗലത്താബാദ് പൊലീസ് സ്റ്റേഷനിലെ ഇൻ-ചാർജ് സുമൻ കുമാർ സിങ് ഇതിനായി മുന്നിട്ടിറങ്ങി.

പൊലീസിന്റെ സാന്നിധ്യത്തില്‍ വിലാപയാത്ര പോകുന്നത് കണ്ട തീർഥാടകർ കാര്യമന്വേഷിക്കുകയും അവർക്കു സുഗമമായി കടന്ന് പോകാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. വിലാപയാത്ര പൂർണമായി ദേശീയപാത മുറിച്ചുകടന്ന ശേഷം മാത്രമാണ് കാവഡ് തീർഥാടകർ തങ്ങളുടെ യാത്ര പുനരാരംഭിച്ചത്. 'ഹർ ഹർ മഹാദേവ്' എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് തീർഥാടകർ കാവഡ് യാത്ര നടത്തുന്നത്. നിസാമിനോടുള്ള ആദരസൂചകമായി, വിലാപയാത്ര കഴിയുന്നതുവരെ തീർഥാടകർ നിശബ്ദരായി നിന്നതും മനസ് നിറയ്ക്കുന്ന കാഴ്ചയായി. ഇതര മതത്തോടുള്ള ബഹുമാനത്തിന്റേയും സാഹോദര്യത്തിന്റേയും അടയാളമായ ഈ സംഭവം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. മാനവികതയുടെ മാതൃകയാണ് ഇതെന്നും സമൂഹത്തിന് ഈ സംഭവം പ്രചോദനമാകട്ടെയെന്നും പലരും അഭിപ്രായപ്പെട്ടു.



ഉത്തരേന്ത്യയിലെ ശിവഭക്തരുടെ പ്രധാന തീർഥാനടമാണ് കാവഡ് യാത്ര എന്ന കാൻവർ യാത്ര. ഹരിദ്വാർ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിന്ന് ഗംഗാജലം കുടങ്ങളില്‍ ശേഖരിച്ച ശേഷം 'കാവഡ്' എന്നറിയപ്പെടുന്ന തണ്ടിന്റെ ഇരുവശത്തും അവ തൂക്കി തോളിലേറ്റി കാല്‍നടയായി പോകുന്നതാണ് ഇത്. ഓരോ വർഷവും നാല് കോടിയിലേറെ പേർ കാവഡ് യാത്ര നടത്തുന്നതായാണ് കണക്ക്.

Post a Comment

0 Comments