LATEST

6/recent/ticker-posts

ഒരു വശത്ത് കാണാതായ യുവാവിനായി തിരച്ചിൽ; മറുവശത്ത് റാഫ്റ്റിംഗ് ഉദ്ഘാടന മാമാങ്കം, പ്രതിഷേധവുമായി നാട്ടുകാർ

തിരുവമ്പാടി:ഒരു വശത്ത് കാണാതായ യുവാവിനായി നാടൊന്നായി തിരച്ചിൽ നടത്തി വരുന്പോൾ മറുവശത്ത് റാഫ്റ്റിംഗ് ഉദ്ഘാടന മാമാങ്കത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി 






ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടയില്‍ സമീപത്ത് തന്നെ കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചു.









യുവാവിനെ കണ്ടെത്താൻ നാട്ടുകാരും രക്ഷാപ്രവർത്തകരും പുഴയില്‍ തിരച്ചില്‍ നടത്തുമ്പോള്‍, ഏതാനും മീറ്ററുകള്‍ മാത്രം അകലെ ആഘോഷപൂർവ്വം ഉദ്ഘാടനച്ചടങ്ങ് നടത്തിയതാണ് പ്രകോപനത്തിന് കാരണമായത്.









ഇരുവഴിഞ്ഞി പുഴയില്‍ നടക്കാനിരിക്കുന്ന 12ാം അന്താരാഷ്ട്ര കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചതിന് എതിരെയാണ് പ്രതിഷേധം. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ആണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.








കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ നിന്നുള്ള വിനോദയാത്രാ സംഘം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയ ഒപ്പമുണ്ടായിരുന്ന ഗൈഡ് ഷിബിലിനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. യുവാവിനായുള്ള തെരച്ചില്‍ ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത് നടക്കുമ്പോള്‍ സമീപത്തു തന്നെ ഉദ്ഘാടന മാമാങ്കം സങ്കടിപ്പിച്ചത് അനുചിതമായെന്ന് ജിതിന്‍ പല്ലാട്ട് പറയുന്നു. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത് ഇദ്ദേഹമായിരുന്നു.








അപകടം നടന്ന സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങിന്റെ സംഘാടക സമിതി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച്‌ പരിപാടി മാറ്റിവെക്കാമെന്ന തീരുമാനത്തില്‍ എത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ഒരു ജീവന് വേണ്ടി നാടൊട്ടാകെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍, ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നെങ്കില്‍ യാതൊന്നും സംഭവിക്കാനില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.