മുംബൈ: ഭാര്യയെ നിരീക്ഷിക്കാൻ വീടിനുള്ളിലും പുറത്തും ക്യാമറ വെച്ച് നിരീക്ഷണത്തിന് പുറമെ അയല്‍ക്കാരോട് സംസാരിച്ചതിന് മർദനവുമേറ്റ യുവതി ജീ.വനൊടുക്കി.വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴേക്കും, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങളെത്തുടർന്ന് 26-കാരിയായ യുവതി ആ.ത്മഹത്യ ചെയ്തത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തില്‍ക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 30-നായിരുന്നു നിതിനും വിശാഖയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും, വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർതൃവീട്ടുകാരുടെ മനോഭാവം മാറിയതായി വിശാഖയുടെ കുടുംബം ആരോപിക്കുന്നു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ ഭർത്താവ് നിതിൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. വിശാഖ ആരോടെങ്കിലും സംസാരിക്കുന്നത് ക്യാമറയിലൂടെ കണ്ടാല്‍, നിതിൻ വീട്ടിലെത്തി അവളെ ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കല്യാണത്തിന് തങ്ങള്‍ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളും "ആദരവും" ലഭിച്ചില്ലെന്ന് പറഞ്ഞ് ഭർതൃമാതാവും സഹോദരനും വിശാഖയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വർണ്ണവും ചോദിച്ചു വാങ്ങാൻ യുവതിക്ക് മേല്‍ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ്, അടുത്ത വീട്ടിലെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരില്‍ വിശാഖയെ ഇവർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഫോണിലൂടെ വിശാഖ താൻ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് സ്വന്തം അമ്മയോട് സംസാരിച്ചിരുന്നു. മകളുടെ ദുരവസ്ഥ മനസ്സിലാക്കി അവളെ തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിശാഖയെ വീട്ടിനുള്ളില്‍ തൂ.ങ്ങിമ.രിച്ച നിലയില്‍ കണ്ടെത്തിയത്.