ന്യൂഡൽഹി:കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ രാഷ്ട്രീയം പൂർണമായും ഹിന്ദു-മുസ്‌ലിം അജണ്ടയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും എന്നാൽ ഇത്തരം വിഷയങ്ങൾക്കൊന്നും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയില്ലെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ ഒഎസ്എം ക്രമക്കേട് എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലും അദ്ദേഹം ആവശ്യപ്പെട്ടു."
ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ വിവാദങ്ങളിൽ ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. തുടർച്ചയായ പിഴവുകൾ വരുത്തിയാൽ ഏതൊരു കമ്പനിയിൽ നിന്നും ജീവനക്കാരെ പുറത്താക്കാറുണ്ട്. എന്നാൽ ഇവിടെ സർക്കാർ നടത്തുന്ന പരീക്ഷകളുടെ പേപ്പർ നിരന്തരം ചോരുകയാണ്. മന്ത്രി രാജിവയ്ക്കാതെ സർക്കാർ തെറ്റുകൾ സമ്മതിച്ചുവെന്ന് എങ്ങനെ വിശ്വസിക്കും. ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികളെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഇനിയും എത്ര കാലം പാക്കിസ്ഥാനികൾ എന്ന് വിളിക്കുമെന്നും അഭിജിത് ദീപ്കെ ചോദിച്ചു."
ഭരണകക്ഷിയുടെ ഐടി സെൽ ആളുകൾ മാത്രമാണോ ഇന്ത്യക്കാർ. നേപ്പാളിലോ ബംഗ്ലദേശിലോ ഉണ്ടായതുപോലുള്ള അക്രമാസക്തമായ യുവജന പ്രക്ഷോഭങ്ങളുമായി തങ്ങളുടെ പ്രസ്ഥാനത്തെ താരതമ്യം ചെയ്യരുത്. ഇന്ത്യയിൽ കൃത്യമായ ഒരു ജനാധിപത്യ സംവിധാനമുണ്ട്. ജന്തർ മന്തറിലെ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു. വരും ദിവസങ്ങളിൽ വലിയ രീതിയിൽ സമാധാനപരമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. തങ്ങളുടെ പ്രസ്ഥാനം ജെൻസിക്ക് വേണ്ടിയുള്ളതാണെന്നും പൂർണമായും രാഷ്ട്രീയരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾക്ക് തങ്ങളെ പുറത്തുനിന്ന് പിന്തുണയ്ക്കാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സിജെപി സഖ്യമുണ്ടാക്കില്ലെന്നും അഭിജിത് ദീപ്കെ പറഞ്ഞു."
രാജ്യത്തിന്റെ രാഷ്ട്രീയ ചർച്ചകൾ യുവാക്കളെ നേരിട്ട് ബാധിക്കുന്ന തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലേക്ക് മാറേണ്ടതുണ്ടെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. കഴിഞ്ഞ 10-12 വർഷമായി രാജ്യം കാണുന്നത് വിഭജന രാഷ്ട്രീയമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചതുകൊണ്ട് മാത്രം സമരം അവസാനിക്കില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്താനുള്ള പുതിയ അജണ്ട തങ്ങൾ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു."
.