പഞ്ചാബിലേക്ക് എത്തുന്ന മയക്കുമരുന്നിന്റെ 70 ശതമാനവും ഗുജറാത്തിൽനിന്നാണ് കടന്നുവരുന്നതെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പി ഭരണത്തിനു കീഴിൽ ഗുജറാത്ത് മയക്കുമരുന്നിന്റെ കവാടമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജലന്ധറിൽ വ്യാപാരികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയെ ബി.ജെ.പിയുടെ 'മരുമകൻ' (ദമാദ്) എന്ന് വിശേഷിപ്പിച്ച കെജ്‌രിവാൾ, ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ അയാളെ സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ട് ലോകമെമ്പാടും ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബിഷ്ണോയിക്ക് സാധിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഇടപെടൽ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി"
മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതും, ഗുജറാത്തിൽ 2,200 കിലോ മയക്കുമരുന്ന് എലികൾ തിന്നുതീർത്തെന്ന സി.എ.ജി റിപ്പോർട്ടും ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ 'ഇ.ഡി പാർട്ടി' എന്ന് പരിഹസിച്ച കെജ്‌രിവാൾ, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വ്യാപാരികളെ ഭീഷണിപ്പെടുത്തി ഫണ്ട് പിരിക്കുകയാണെന്നും പറഞ്ഞു. പഞ്ചാബിലെ വ്യാപാരികളിൽനിന്ന് മാത്രം ഇ.ഡി പാർട്ടി 60 കോടി രൂപ സംഭാവനയായി പിരിച്ചെടുത്തപ്പോൾ എ.എ.പിക്ക് ലഭിച്ചത് 70 ലക്ഷം മാത്രമാണ്. റെയ്ഡ് ഭീഷണി മുഴക്കിയാണ് ബി.ജെ.പി പണം തട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു."
ലോറൻസ് ബിഷ്ണോയി ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിലാണ്. അയാളെ അവിടെനിന്ന് മാറ്റരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. പഞ്ചാബ് പൊലീസിന് പോലും അയാളെ കൊണ്ടുവരാൻ കഴിയുന്നില്ല. ജയിലിനുള്ളിൽ ഇരുന്ന് ബിഷ്ണോയി നടത്തുന്ന പ്രവർത്തനങ്ങൾക്കുപിന്നിൽ ബി.ജെ.പിയുടെ ഒത്താശയുണ്ട്," കെജ്‌രിവാൾ ആരോപിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മനീഷ് സിസോദിയ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉറപ്പുനൽകി. മുമ്പ് ലഹരി മാഫിയകൾക്കും ഗുണ്ടകൾക്കും കുടപിടിച്ചവർ ഇപ്പോൾ സർക്കാർ നടപടി എടുക്കുമ്പോൾ ബഹളം വെക്കുകയാണെന്നും പരിഹസിച്ചു