മധ്യപ്രദേശ് : സോഷ്യല്‍ മീഡിയയില്‍ സ്വന്തം ജീവിതവും വീടും സമ്പത്തും തുറന്നുകാട്ടുന്നത് ചിലപ്പോള്‍ വലിയ സുരക്ഷാ ഭീഷണിയായി മാറുന്നു എന്നതിന് തെളിവായി യൂട്യൂബറുടെ വീട്ടിൽ കൊള്ള .
പൊങ്ങച്ചം കാണിക്കാൻ വീടിന്റെ ഓരോ ഭാഗങ്ങളും ആഭരണങ്ങളും പണവും ഉള്‍പ്പെടുത്തി 'ഹോം ടൂർ' വീഡിയോകള്‍ പങ്കുവെച്ച പ്രമുഖ യൂട്യൂബറായ രചന ഗുർജറിന്റെ വീട്ടില്‍ നിന്ന് സ്വർണ്ണം, വെള്ളി ആഭരണങ്ങള്‍, പണം എന്നിവയുള്‍പ്പെടെ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള മോഹനി ഗ്രാമത്തിലാണ് കള്ളന്മാർ ക്ക് ചാകരയായ സംഭവം.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അജ്ഞാതരായ മോഷ്ടാക്കള്‍ രചനയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഈ സമയത്ത് രചനയും കുടുംബവും ഉറക്കത്തിലായിരുന്നു. മോഷ്ടാക്കള്‍ ഇവരെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.
സ്വർണ്ണത്തിനും പണത്തിനും പുറമെ ഒരു കാർട്ടണ്‍ എനർജി ഡ്രിങ്കും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെ ഉണർന്ന കുടുംബം മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തുകയും തുടർന്ന് ബന്ധുക്കളെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.
മോഷ്ടാക്കള്‍ തങ്ങളുടെ മുഖം സിസിടിവിയില്‍ പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു വടി ഉപയോഗിച്ച് ക്യാമറകളുടെ ദിശ മാറ്റുന്ന മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള പ്രദേശവാസികളായ ആരെങ്കിലുമാകാം ഈ കൃത്യത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രചന ഗുർജർ അടുത്തിടെ തന്റെ വീടിന്റെ ഓരോ ഭാഗങ്ങളും ആഭരണങ്ങളും പണവും കാണിക്കുന്ന 'ഹോം ടൂർ' വീഡിയോകള്‍ പങ്കുവെച്ചിരുന്നു.
വീടിന്റെ ഘടനയും വിലപിടിപ്പുള്ള വസ്തുക്കള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാൻ ഈ വീഡിയോകള്‍ മോഷ്ടാക്കളെ സഹായിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ നർവാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.