LATEST

6/recent/ticker-posts

ആരെ വിശ്വസിക്കും.....?സൗദിയിലേക്ക് പോകുന്ന യുവാവിനെ കബളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമം; സുഹൃത്തിന്റെ സഹോദരൻ അടക്കം രണ്ട് പേരെ പോലീസ് പിടികൂടി

വണ്ടൂർ: ഗള്‍ഫിലേക്ക് തിരികെ പോകുന്ന പ്രവാസി യുവാവിനെ കബളിപ്പിച്ചു വസ്ത്രങ്ങള്‍ക്കൊപ്പം കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചു നല്‍കി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ സുഹൃത്തിൻ്റെ സഹോദരൻ അടക്കം രണ്ട് പേർ പൊലീസ് പിടിയിൽ 


വണ്ടൂർ ചെറുകോട് മുതീരി സ്വദേശിയായ നാലകത്ത് സല്‍മാൻ എന്ന യുവാവാണ് സുഹൃത്തിന്റെ ചതിയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പ്രവാസിയായ സല്‍മാൻ തന്റെ നാട്ടിലെ അവധി ദിനങ്ങള്‍ ആഘോഷിച്ച ശേഷം ജോലിസ്ഥലമായ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് തിരികെ പോകാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ സംഭവം അരങ്ങേറിയത്. ജിദ്ദയില്‍ കൂടെ ജോലി ചെയ്യുന്ന നാട്ടുകാരനായ സുഹൃത്തിന് എത്തിച്ചുകൊടുക്കാൻ എന്ന വ്യാജേനയാണ് വസ്ത്രങ്ങള്‍ അടങ്ങിയ ഒരു കവർ സല്‍മാന് കൈമാറുന്നത്. സുഹൃത്തിന്റെ സ്വന്തം സഹോദരൻ തന്നെയാണ് ഈ കവർ സല്‍മാനെ ഏല്‍പ്പിച്ചത് എന്നത് ചതിയുടെ ആഴം കൂട്ടുന്നു.



കഴിഞ്ഞ ജൂണ്‍ 4-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജൂണ്‍ 5-ാം തീയതി പുലർച്ചെയുള്ള വിമാനത്തില്‍ ജിദ്ദയിലേക്ക് മടങ്ങാനിരുന്ന സല്‍മാൻ യാത്രയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. ഈ സമയത്താണ് ജിദ്ദയിലുള്ള സുഹൃത്തിന്റെ സഹോദരൻ സല്‍മാനെ ഫോണില്‍ ബന്ധപ്പെടുന്നത്. തന്റെ ജ്യേഷ്ഠന് നല്‍കാൻ ചില വസ്ത്രങ്ങള്‍ ഉണ്ടെന്നും അത് സൗദിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് കൈമാറണമെന്നും ഇയാള്‍ സല്‍മാനോട് അഭ്യർത്ഥിക്കുകയായിരുന്നു.

യാത്രയ്ക്കായി പെട്ടികള്‍ പാക്ക് ചെയ്യുന്നതിനിടയിലാണ് സല്‍മാൻ സുഹൃത്തിന്റെ സഹോദരൻ തന്നയച്ച കവർ പരിശോധിക്കാൻ തീരുമാനിക്കുന്നത്. വിദേശത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കൃത്യമായി പരിശോധിക്കണമെന്ന മുൻകരുതലിന്റെ ഭാഗമായാണ് സല്‍മാൻ കവർ തുറന്നത്. ഒരു കാർഗോ പാന്റ്സും ത്രീഫോർത്ത് പാന്റ്സുമായിരുന്നു കവറിനുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വസ്ത്രങ്ങള്‍ പുറത്തെടുത്തു പരിശോധിച്ച സല്‍മാൻ ഞെട്ടിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.


വസ്ത്രങ്ങളുടെ ഭാരക്കൂടുതല്‍ കണ്ട് സംശയം തോന്നിയ സല്‍മാൻ വിശദമായി പരിശോധിച്ചപ്പോഴാണ് കാർഗോ പാന്റിന്റെ വശങ്ങളിലെ വലിയ പോക്കറ്റുകളിലും ത്രീഫോർത്തിന്റെ കീശകളിലും പ്രത്യേകമായി തുന്നിപ്പിടിപ്പിച്ച നിലയിലും ഒളിപ്പിച്ച നിലയിലും ചെറിയ പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്. ഈ കവറുകള്‍ തുറന്നു നോക്കിയപ്പോഴാണ് അതില്‍ വിദേശത്ത് വൻ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നായ കഞ്ചാവാണെന്ന് ബോധ്യപ്പെട്ടത്.ഇതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.