LATEST

6/recent/ticker-posts

ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുവന്ന് തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി; രണ്ടംഗ സംഘം താമരശേരി പൊലീസ് പിടിയിൽ.

താമരശ്ശേരി:ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുവന്ന് തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി; രണ്ടംഗ സംഘം താമരശേരി പൊലീസ് പിടിയിൽ.








നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിരുന്ന  യുവാവിനെയാണ് താമരശ്ശേരി പോലീസ് നടത്തിയ  പരിശോധനക്കിടെ  രക്ഷപ്പെടുത്തിയത്. താമരശ്ശേരിക്ക് സമീപം മുടൂർ വെളിമണ്ണ റോഡിലെ വാടക വീട്ടിലെ മുകൾനിലയിൽ മുറിക്കകത്ത് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.





 

ബാംഗ്ലൂർ കോത്തന്നൂരിൽ ട്രാവൽ ഏജൻസി നടത്തുന്ന മാനന്തവാടി  സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്.






സംഭവവുമായി ബന്ധപ്പെട്ട്   ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എംഡി എം എ മൊത്തമായും, ചില്ലറയായും വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ട കൊടുവള്ളി കളരാന്തിരി , വട്ടോത്ത് പുറായിൽ അപ്പാപ്പൻ എന്ന ശിഹാബ് (40),  വാവാട്, പാലക്കുന്നുമ്മൽ, ആക്കോയി എന്ന അശ്വിൻ എന്നിവരെ പോലീസ് പിടികൂടി.. 






ഈ മാസം മൂന്നാം തീയതിയാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രതികൾ ഉൾപ്പെട്ട ലഹരി സംഘം എം ഡി എം എ വാങ്ങുന്നതിനായി ബാംഗ്ലൂർ എത്തുന്നത്. മുഹമ്മദ് സാജിദ് മുഖേന ബാംഗ്ലൂരിലെ ലഹരി വിൽപനക്കാരെ ബന്ധപ്പെട്ട സംഘം എം ഡി എം എ വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപ മുഹമ്മദ് സാജിദിൻ്റെ റൂമിൽ വെച്ച് ഇയാളുടെ  സുഹൃത്തിന് നൽകിയിരുന്നു. പണം നൽകിയിട്ടും എംഡി എം എ കിട്ടായതിനെ തുടർന്ന്  സംഘം വീണ്ടും ഇയാളുടെ റൂമിലെത്തി, എന്നാൽ പണം കൈപ്പറ്റിയവരെ കണ്ടെത്താനായില്ല, തുടർന്നാണ് ഇടനിലക്കാരനായ മുഹമ്മദ് സാജിദിനെ പിടിച്ചു ഷിഹാബിൻ്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുവന്ന്  താമരശ്ശേരിക്കടുത്ത് മുടൂർ എന്ന സ്ഥലത്തെ ഇയാളുടെ വാടക വീട്ടിൽ എത്തിച്ച് വീടിൻ്റെ മുകളിൽ പൂട്ടി ഇടുകയായിരുന്നു. 







പണമോ അല്ലെങ്കിൽ എം ഡി എം എ യോ തിരികെ വേണമെന്ന് പറഞ്ഞ് സംഘം ഇയാളെ വടിയും കമ്പിയും ഉപയോഗിച്ചും മർദ്ദിച്ചും ഭക്ഷണം കൊടുക്കാതെയുമാണ് തടങ്കലിൽ പാർപ്പിച്ചത്.

ഷിഹാബ് മുമ്പ് പല തവണ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. ഇയാളുടെ  സ്വിഫ്റ്റ്  കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  താമരശ്ശേരി ഡി വൈ എസ് പി . കെ.വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും താമരശ്ശേരി പോലീസും  നടത്തിയ പരിശോധനയിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.







ഷിഹാബിൻ്റെ കൂടെ വാടക വീട്ടിൽ താമസിക്കുന്ന തിരുവമ്പാടി സ്വദേശിനി ഷാക്കിറയും നിരവധി എംഡി എം എ കേസുകളിൽ പ്രതിയാണ്.







മുഹമ്മദ് സാജിദിൻ്റെ മൊഴി പ്രകാരം പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് കേസെടുത്തു.